ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തിലെ വനിതാ സിംഗിള്‍സില്‍ നിന്ന് ഒന്നാം സീഡ് താരവും എടിപി റാങ്കിങ്ങിലെ മൂന്നാം സ്ഥാനക്കാരിയുമായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്ക്കോവ പുറത്ത്. രണ്ടാം റൗണ്ടില്‍ 50ാം റാങ്കുകാരിയായ ഫ്രാന്‍സിന്റെ കരോളിന് ഗാര്ഷ്യയോടാണ് പ്ലിസ്ക്കോവ പരാജയപ്പെട്ടത്. 1 മണിക്കൂറും 35 മിനുട്ടും നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്ലിസ്ക്കോവ പരാജയപ്പെട്ടത്.
സ്കോര്‍ 6-1,7-6. രണ്ടാം സെറ്റ് ടൈ ബ്രേക്കറിനൊടുവിലാണ് ഗാര്‍ഷ്യ നേടിയത്. എടിപി റാങ്കിങ്ങിലെ ഒമ്പതാം റാങ്കുകാരി ജപ്പാന്റെ നവോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 74ാം റാങ്കുകാരിയായ ഇറ്റലിയുടെ കാമില ജിയോര്ജിയെയാണ് നവോമി തോല്‍പ്പിച്ചത്. 1 മണിക്കൂറും 11 മിനുട്ടും മാത്രം നീണ്ട പോരാട്ടത്തില്‍ 6-1,6-2 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ ജയം. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസ് ഇന്നിറങ്ങും. വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
പുരുഷ സിംഗിള്‍സില്‍ അട്ടിമറികളില്ലാതെ സൂപ്പര്‍ താരങ്ങള്‍ മുന്നോട്ടുപോകുകയാണ്. ആറാം റാങ്കുകാരനും നാലാം സീഡുമായ ഗ്രീസിന്റെ സ്റ്റിഫാനോസ് സിറ്റ്സിപാസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആതിഥേയ താരം മാക്സിമി ക്രീസിയെ തോല്‍പ്പിക്കുകയായിരുന്നു. 2 മണിക്കൂറും 27 മിനുട്ടും പോരാട്ടം നീണ്ടു. സ്കോര്‍ 7-6,6-3,6-4. റാങ്കിങ്ങിലും സീഡിലും ഒന്നാം സ്ഥാനക്കാരനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ട് ടിക്കറ്റെടുത്തു. 3 മണിക്കൂറും 17 മിനുട്ടും നീണ്ട നാല് സെറ്റ് പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് സെറ്റിനാണ് ജോക്കോവിച്ചിന്റെ ജയം. സ്കോര്‍ 6-7,6-3,6-4,6-2.
ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. നാല് സെറ്റ് പോരാട്ടത്തിനൊടുവില്‍ 3-1ന് ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ജോര്‍ജ് ഹാരിസിനെയാണ് ഗോഫിന് തോല്‍പ്പിച്ചത്. സ്കോര്‍ 7-6,6-4,6-1,6-4. ജര്‍മനിയുടെ സൂപ്പര്‍ താരം അലക്സാണ്ടര്‍ സെറേവും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ഏഴാം റാങ്കുകാരനും 5ാം സീഡുമായ സെറേവ് 223ാം റാങ്കുകാരനായ ആതിഥേയ താരം ബ്രണ്ടന്‍ നാക്ഷിമയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 7-5,7-6,6-3,6-1.
അഞ്ചാം സ്ഥാനക്കാരനും മൂന്നാം സീഡുമായി റഷ്യയുടെ ഡാനില്‍ മെദവ്ദേവ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. 1മണിക്കൂറും 48 മിനുട്ടും നീണ്ട പോരാട്ടത്തില്‍ ഡെല്ബോനിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദവ്ദേവ് തോല്‍പ്പിച്ചത്. സ്കോര്‍ 6-1,6-2,6-4. നിലവിലെ പുരുഷ യുഎസ് ഓപ്പണ്‍ സിംഗിള്‍സ് ചാമ്പ്യനായ റാഫേല്‍ നദാല്‍ ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.