ന്യൂയോര്‍ക്ക്: ഇത്തവണ യുഎസ് ഓപ്പണില്‍ ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാനുള്ള വകയൊക്കെ ഉണ്ടാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. വനിത ഡബിള്‍സില്‍ സാനിയ മിര്‍സയും മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും, രോഹന് ബൊപ്പണ്ണയും ഒക്കെ പ്രതീക്ഷ നല്കുന്നു.
മിക്സഡ് ഡബിള്‍സില്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് ഒരേ സമയം സന്തോഷവും ദു:ഖവും ആണ്. കാരണം സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യന്‍ താരങ്ങളാണ് എന്നത് തന്നെ.
ലിയാണ്ടര്‍ പേസിന്റെ സഖ്യവും രോഹന് ബൊപ്പണ്ണയുടെ സഖ്യവും ആണ് സെമിഫൈനലില്‍ ഏറ്റുമുട്ടുക. രണ്ട് സെമികളിലാണ് ഇവര്‍ മത്സരിയ്ക്കുന്നതെങ്കില് ഇന്ത്യയ്ക്ക് അത് കൂടുതല്‍ സാധ്യതകള്‍ തുറന്ന് നല്‍കുമായിരുന്നു.
മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിന്റെ പങ്കാളി മാര്‍ട്ടിന ഹിംഗിസ് ആണ്. ഹിംഗിസ് തന്നെയാണ് വനിത ഡബിള്‍സില്‍ സാനിയ മിര്‍സയുടെ കൂട്ടാളിയും. ബൊപ്പണ്ണയുടെ പങ്കാളി ചൈനീസ് തായ്പേയ് താരം യുങ് ജാന്‍ ചാന് ആണ്.
പുരുഷ ഡബിള്‍സിലും ഇത്തവണ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഫ്ലോറിന് മെര്ജിയക്കൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട് ബൊപ്പണ്ണ.