ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ ജാപ്പനീസ് താരങ്ങള്‍ സെമിയില്‍. പുരുഷ വിഭാഗത്തില്‍ കീ നിഷികോരിയും വനിതാ വിഭാഗത്തില്‍ നവോമി ഒസാക്കയുമാണ് സെമിയിലെത്തിയത്. നിഷികോരി മരിന്‍ സിലിച്ചിനെ 2-6, 6-4, 7-6, 4-6, 6-4 എന്ന സ്‌കോറിന് അട്ടിമറിച്ചപ്പോള്‍ ഒസാക്ക ഗെയ്‌സ സുരെങ്കോയെ 6-1, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ഇതോടെ വനിതാ വിഭാഗത്തില്‍ സെമിയിലെത്തുന്ന ആദ്യ ജപ്പാന്‍താരമെന്ന ബഹുമതിയും ഒസാക്ക സ്വന്തമാക്കി.

2014ല്‍ നിഷികോരിയെ തോല്‍പ്പിച്ച് സിലിച്ച് യുഎസ് ഓപ്പണ്‍ നേടിയിരുന്നു. ഇതനുള്ള മധുരപ്രതികാരം കൂടിയായി നിഷികോരിയുടെ വിജയം. ഇതിനുശേഷം രണ്ട് ഗ്രാന്‍ഡ്സ്ലാം വിജയംകൂടി സിലിച്ചിന് നേടാന്‍ കഴിഞ്ഞിരുന്നെങ്കിലും നിഷികോരിക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സെമിയില്‍ സെര്‍ബിയന്‍താരം നൊവാക്ക് ദ്യോക്കോവിച്ചാണ് നിഷികോരിയുടെ എതിരാളി.
ഇതിഹാസതാരം റോജര്‍ ഫെഡററെ അട്ടിമറിച്ചെത്തിയ ജോണ്‍ മില്‍മാനെ 6-3, 6-4, 6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് വീഴ്ത്തിയത്. ഫെഡറര്‍ക്കെതിരായ പ്രകടനമികവ് ആവര്‍ത്തിക്കാന്‍ മില്‍മാന് കഴിഞ്ഞില്ല. നേരത്തെ സ്‌പെയിനിന്റെ റാഫേല്‍ നദാലും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും സെമിയിലെത്തിയിരുന്നു.
വനിതാ വിഭാഗത്തില്‍ ഒസാക്കയുടെ സെമി പ്രവേശം ചരിത്രമായതിന്റെ ആഹ്ലാദത്തിലാണ് ജാപ്പനീസ് ആരാധകര്‍. കേവലം 57 മിനിറ്റിനുള്ളില്‍ എതിരാളിയെ മുട്ടുകുത്തിച്ച ഒസാക്കയ്ക്ക് ഇത്തവണ കിരീടം നേടാനുള്ള സുവര്‍ണാവസരമാണ്. സെമിയില്‍ അമേരിക്കയുടെ മാഡിസണ്‍ കീസ് ആണ് ഒസാക്കയുടെ എതിരാളി. ക്വാര്‍ട്ടറില്‍ കാര്‍ല സുവാരസിനെ 6-4, 6-3 എന്ന സ്‌കോറിന് മാഡിസണ്‍ തോല്‍പ്പിച്ചു. അമേരിക്കയുടെ സെറീനാ വില്യംസും ലാത്വിയന്‍ താരം അനസ്താസിജ സെവാസ്റ്റോവയും തമ്മിലാണ് മറ്റൊരു മത്സരം.