വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open 2021: ജോക്കോവിച്ചിനെ കണ്ണീരണിയിച്ച് ഡാനില്‍ മെദവ്‌ദേവിന് കന്നി ഗ്രാന്റ്സ്ലാം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കണ്ണീരണിയിച്ച് റഷ്യയുടെ ഡാനില്‍ മെദവ്‌ദേവ്. ഈ സീസണിലെ നാലാമത്തെ ഗ്രാന്റ്സ്ലാം കിരീടവും ചരിത്ര റെക്കോഡും ലക്ഷ്യമിട്ടിറങ്ങിയ ജോക്കോവിച്ചിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ലോക രണ്ടാം നമ്പര്‍ താരമായ മെദവ് ദേവ് തകര്‍ത്തത്. രണ്ട് മണിക്കൂറും 17 മിനുട്ടും മത്സരം നീണ്ടുനിന്നെങ്കിലും ചാമ്പ്യന്‍ പ്രകടനത്തിനൊത്തുയരാന്‍ ജോക്കോവിച്ചിനായില്ല. സ്‌കോര്‍ 6-4,6-4,6-4.

Daniil Medvedev Ends Novak Djokovic's Hopes Of Winning Number 21 | Oneindia Malayalam

25കാരനായ മെദവ്‌ദേവിന്റെ കന്നി ഗ്രാന്റ്സ്ലാം കിരീടമാണിത്. ഇൗ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മെദവ് ദേവ് ഫൈനലില്‍ കളിച്ചിരുന്നെങ്കിലും ജോക്കോവിച്ചിനോട് കലാശപ്പോരാട്ടത്തില്‍ തോറ്റിരുന്നു. ഇതിന് യുഎസ് ഓപ്പണില്‍ മധുരമായി പ്രതികാരം തീര്‍ക്കാനും മെദവ്‌ദേവിനായി. താരത്തിന്റെ കരിയറിലെ 13ാമത്തെ കിരീടമാണിത്. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും വിംബിള്‍ഡണില്‍ നാലാം റൗണ്ടിലും മെദവ് ദേവ് പുറത്തായിരുന്നു.

വലിയ സമ്മര്‍ദ്ദം നേരിട്ടതാണ് ജോക്കോവിച്ചിന് തിരിച്ചടിയായത്. യുഎസ് ഓപ്പണ്‍ കിരീടം നേടിയിരുന്നെങ്കില്‍ 21ാം ഗ്രാന്റ്സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിലെത്താന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു. നിലവില്‍ 20 ഗ്രാന്റ്സ്ലാം കിരീടവുമായി റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പമാണ് ജോക്കോവിച്ചുമുള്ളത്. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീട നേട്ടമെന്ന ലോക റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ജോക്കോവിച്ച് നഷ്ടമാക്കിയതെന്ന് പറയാം.

daniilmedvedev-novakdjokovic

കൂടാതെ എളുപ്പത്തില്‍ സാധിക്കാത്ത കലണ്ടര്‍ ഗ്രാന്റ്സ്ലാമെന്ന ചരിത്ര നേട്ടവും കൈയകലത്തിലാണ് ജോക്കോവിച്ചിന് നഷ്ടമായത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ജോക്കോവിച്ചായിരുന്നു നേടിയിരുന്നത്. യുഎസ് ഓപ്പണ്‍കൂടി നേടിയിരുന്നെങ്കില്‍ അധികമാര്‍ക്കും സാധിക്കാത്ത ചരിത്ര നേട്ടത്തിലേക്കെത്താന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകളും മെദവ് ദേവ് തകര്‍ത്തു. ഇതിന്റെ നിരാശ മറച്ചുവെക്കാതെ ജോക്കോവിച്ച് പ്രകടമാക്കുകയും ചെയ്തു. കിരീടം സമ്മാനിക്കുന്ന ചടങ്ങിനിടെ ജോക്കോവിച്ച് പൊട്ടിക്കരയുന്നുണ്ടായിരുന്നു. കാരണം അത്രത്തോളം പ്രധാനപ്പെട്ട നഷ്ടമാണ് ജോക്കോവിച്ചിന് സംഭവിച്ചിരിക്കുന്നത്.

ഒമ്പത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും രണ്ട് തവണ ഫ്രഞ്ച് ഓപ്പണും ആറ് തവണ വിംബിള്‍ഡണും മൂന്ന് തവണ യുഎസ് ഓപ്പണും ജോക്കോവിച്ച് നേടിയിട്ടുണ്ട്. 2018ന് ശേഷം യുഎസ് ഓപ്പണ്‍ നേടാന്‍ ജോക്കോവിച്ചിനായിട്ടില്ല. ജോക്കോവിച്ചിന്റെ സമ്മര്‍ദ്ദം മുതലാക്കി ആധിപത്യം പുലര്‍ത്തി കളിക്കാന്‍ മെദവ് ദേവിനായി. ജോക്കോവിച്ച് 38 അണ്‍ഫോഴ്‌സ്ഡ് ഇറര്‍ വരുത്തിയപ്പോള്‍ 31 അണ്‍ഫോഴ്‌സഡ് ഇററാണ് മെദവ് ദേവ് വരുത്തിയത്. 21വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു റഷ്യന്‍ താരം യുഎസ് ഓപ്പണ്‍ നേടുന്നത്. ആദ്യ രണ്ട് സെറ്റും പിടിച്ചെടുത്തതോടെ തന്നെ മത്സരത്തില്‍ മാനസിക ആധിപത്യം നേടിയെടുക്കാന്‍ മെദവ് ദേവിനായി.

എതിരാളികളെയെല്ലാം നിഷ്പ്രഭമാക്കുന്ന കുതിപ്പാണ് ജോക്കോവിച്ച് ടൂര്‍ണമെന്റില്‍ നടത്തിയതെങ്കിലും കലാശപ്പോരാട്ടത്തില്‍ വീണത് ആരാധകര്‍ക്കും വലിയ നിരാശയായി. ക്വാര്‍ട്ടറില്‍ എട്ടാം നമ്പര്‍ താരം ഇറ്റലിയുടെ മാറ്റിയോ ബെറാറ്റിനിയെ തോല്‍പ്പിച്ച ജോക്കോവിച്ച് സെമിയില്‍ അലക്‌സാണ്ടര്‍ സെറേവിനെ വീഴ്ത്തിയാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. മെദവ് ദേവ് ക്വാര്‍ട്ടറില്‍ ഹോളണ്ടിന്റെ ബോട്ടിച്ച് വാന്‍ ഡി സാന്‍ഡ്‌സ്ഹള്‍പ്പിനെ വീഴ്ത്തിയപ്പോള്‍ സെമിയില്‍ കാനഡയുടെ ഫെലിക്‌സ് ഔഗര്‍ അലിസിമിയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.

നേരത്തെ വനിതാ സിംഗിള്‍സ് കിരീടം ബ്രിട്ടണിന്റെ 18 കാരി എമ്മ റാഡുകാനു സ്വന്തമാക്കിയിരുന്നു. 19കാരിയായ കാനഡയുടെ ലൈന ആനി ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് എമ്മ കിരീടം സ്വന്തമാക്കിയത്. 44വര്‍ഷത്തിനിടെ ബ്രിട്ടണ്‍ താരം നേടുന്ന ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്.

Story first published: Monday, September 13, 2021, 9:07 [IST]
Other articles published on Sep 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X