ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ മുന്നോട്ട്. വനിതാ സിംഗിള്‍സില്‍ ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ് സെമിയില്‍ പ്രവേശിച്ചു. എട്ടാം റാങ്കുകാരിയും മൂന്നാം സീഡുമായ സെറീന ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് ബള്‍ഗേറിയയുടെ ടിവിറ്റാന പിരാന്‍കോവയെ പരാജയപ്പെടുത്തുകയായിരുന്നു. രണ്ട് മണിക്കൂറും 11 മിനുട്ടും മത്സരം നീണ്ടുനിന്നു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് സെറീനയുടെ തിരിച്ചുവരവ്. സ്കോര്‍ 4-6,6-3,6-2. സെമിയില്‍ ബലാറസിന്റെ വിക്ടോറിയ അസറിന്കയാണ് സെറീനയുടെ എതിരാളി.
സീഡില്ലാത്ത അസറിന്ക ബെല്‍ജിയത്തിന്റെ 16ാം സീഡ് എല്ലിസി മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 14 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്കോര്‍ 6-1,6-4. കരിയറിലെ ഏഴാം യുഎസ് ഓപ്പണാണ് സെറീന ലക്ഷ്യം വെക്കുന്നത്. വനിതാ സിംഗിള്‍സിലെ രണ്ടാം സെമിയില്‍ 2018ലെ ചാമ്പ്യയായ ജപ്പാന്റെ നവോമി ഒസാക്ക ആതിഥേയ താരം ജെന്നിഫര്‍ ബ്രാഡിയെ നേരിടും. ക്വാര്‍ട്ടറില്‍ ബ്രാഡി പുടിന്സ്റ്റീവയെ പരാജയപ്പെടുത്തിയപ്പോള്‍ റോജേഴ്സിനെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ഒസാക്ക സെമിയില്‍ പ്രവേശിച്ചത്.
പുരുഷ സിംഗിള്‍സില്‍ ഡാനിയല്‍ മെദവ്ദേവും ഡൊമിനിക് തീമും സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ഇരുവരും തമ്മിലാണ് മാറ്റുരയ്ക്കുന്നത്. അഞ്ചാം റാങ്കുകാരനും മൂന്നാം സീഡുമായ റഷ്യയുടെ മെദവ്ദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരനായ ആന്‍ഡ്രേ റൂബ്ലീവിനെ പരാജയപ്പെടുത്തുകയായിരുന്നു. രണ്ട് മണിക്കൂറും 27 മിനുട്ടുമാണ് മത്സരം നീണ്ടത്. രണ്ട് സെറ്റും ടൈ ബ്രേക്കറിനൊടുവിലാണ് മെദവ്ദേവ് സ്വന്തമാക്കിയത്. സ്കോര്‍ 7-6,6-3,7-6. ഡൊമിനിക് തീമും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് സെമിയില്‍ പ്രവേശിച്ചത്.
രണ്ടാം സീഡായ തീം 21ാം സീഡ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. രണ്ട് മണിക്കൂറും 7 മിനുട്ടും മത്സരം നീണ്ടു. തീമിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ മിനൗറിന് സാധിച്ചില്ല. സ്കോര്‍ 6-1,6-2,6-4. പുരുഷ സിംഗിള്‍സിലെ രണ്ടാം സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സെറേവ് സ്പെയിന്റെ പാബ്ലോ കരീനോ ബുസ്റ്റയെ നേരിടും. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് സൈഡ് റഫറിയെ മനപ്പൂര്‍വമല്ലാതെ പന്തുകൊണ്ട് അടിച്ചതിനെത്തുടര്‍ന്ന് സസ്പെന്ഷന് നേരിട്ടിരുന്നു. നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാലും ഇത്തവണത്തെ യുഎസ് ഓപ്പണില്‍ പങ്കെടുത്തിരുന്നില്ല.