പാരീസ്: മോണ്ടി കാര്‍ലോ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യാക്കോവിച്ചിനെ പുറത്താക്കി ഡൊമിനിക് തിം ക്വാര്‍ട്ടറില്‍. പിന്നില്‍നിന്നും തിരിച്ചടിച്ച തിം 6-7(2), 6-2, 6-3 എന്ന സ്‌കോറിനാണ് ദ്യാക്കോവിച്ചിനെ തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ആണ് തിമ്മിന്റെ എതിരാളി.
രണ്ടുതവണ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയ തിമ്മിനെതിരെ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞില്ല. പരിക്കിനെ തുര്‍ന്ന് ദീര്‍ഘനാള്‍ കളത്തില്‍ നിന്നും വിട്ടുനിന്നശേഷം കാര്യമായ തിരിച്ചുവരവ് നടത്താനും ദ്യോക്കോവിച്ചിന് കഴിഞ്ഞിരുന്നില്ല.

നേരത്തെ നദാലിനെതിരെ രണ്ടുവണ ജയിച്ച ചരിത്രം തിമ്മിനുണ്ട്. ക്ലേ കോര്‍ട്ടിലെ അന്നത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരിക്കല്‍ക്കൂടി സ്പാനിഷ് താരത്തിനെതിരെ വിജയം നേടാനായേക്കും. ക്വാര്‍ട്ടറില്‍ നദാലുമായി ഏറ്റുമുട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ഓസ്‌ട്രേയന്‍ താരമായ തിം പറഞ്ഞു. നദാലിന്റെ കളി ശരിയായ വിലയിരുത്തിയ ആളെന്ന നിലയില്‍ സെമിയില്‍ കടക്കാന്‍ കഴിയുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ റോജര്‍ ഫെഡററെ മറികടന്ന് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ നദാലിന് കഴിഞ്ഞേക്കും.