ഹൈദരാബാദ്: മാരകരോഗത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോകത്തെ സെലിബ്രിറ്റികള്‍ക്കൊപ്പം ഇന്ത്യന്‍ ടെന്നീസ്താരം സാനിയ മിര്‍സയും അണിചേര്‍ന്നു. ഐസ് ബക്കറ്റ് ചാലഞ്ച് എന്ന വെല്ലുവിളി ഫണ്ടുശേഖരണ പരിപാടിയില്‍ തലയില്‍ ഐസ് വെള്ളമൊഴിച്ചാണ് സാനിയ തന്റെ പങ്കാളിത്തം ലോകത്തോട് വിളിച്ചുപറഞ്ഞത്.
തലയില്‍ വെള്ളമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് യുട്യൂബില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എഎല്‍എസ് അഥവാ അമിറ്റ്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന രോഗത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഐസ് ബക്കറ്റ് ചാലഞ്ച് എന്ന പരിപാടി അവതരിപ്പിക്കപ്പെട്ടത്. ഒരാള്‍ തലയില്‍ ഐസ് വെള്ളമൊഴിക്കുകയും മൂന്നുപേരെ ഇത്തരത്തില്‍ ചെയ്യാന്‍ വെല്ലുവിളിക്കുകയുമാണ് പരിപാടിയുടെ രീതി.
ചാലഞ്ച് ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ അത് ഏറ്റെടുക്കകയോ, 100 ഡോളര്‍ എഎല്‍എസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുകയോ വേണം. എല്ലാ രംഗത്തുമുള്ള ലോകത്തിലെ പ്രമുഖര്‍ ഇത്തരത്തില്‍ ഐസ് ബക്കറ്റ് ചാലഞ്ചില്‍ പങ്കെടുത്തിട്ടുണ്ട്. ബില്‍ഗേറ്റ്‌സും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ചാലഞ്ച് തുടങ്ങി രണ്ടാഴ്ചകൊണ്ടുതന്നെ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി നാല് മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചു കഴിഞ്ഞു. മോട്ടോര്‍ ന്യൂറോണ്‍ ഡീസീസ് ബാധിച്ച സ്റ്റീവ് സാലിങ്ങാണ് പരിപാടി ആദ്യമായി അവതരിപ്പിച്ചത്. അത് ഒരു വൃക്ഷത്തിന്റെ ശാഖകള്‍ പോലെ പടര്‍ന്ന് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു രോഗത്തിനെതിരെ ഇതുപോലുള്ളൊരു പരിപാടി ലോകം ഏറ്റെടുക്കുന്നത്.