റോം: ക്രിക്കറ്റിന് പിന്നാലെ ടെന്നീസ് അന്താരാഷ്ട്ര മത്സരങ്ങളിലും ഒത്തുകളി നടന്നതായി വെളിപ്പെടുത്തല്‍. ഇറ്റലിയുടെ മുന്‍ നിര താരമായ ഡാനിയല്‍ ബ്രസിലി ഒത്തുകളിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒത്തുകളിയെക്കുറിച്ച് ഭാഗികമായ കുറ്റസമ്മതമാണ് താരം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റോബര്‍ട്ടോ ഡി മാര്‍ട്ടിനോ പറഞ്ഞു.
ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഏതാനും ദിവസം മുന്‍പ് ഡാനിയലും ഡബിള്‍സ് പാര്‍ട്ണറായ പൊട്ടിറ്റോ സ്റ്റാറിസുമായുള്ള ഇന്റര്‍നെറ്റ് സംഭാഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഒത്തുകളിയുടെ സൂചനകള്‍ പുറത്തായത്. പണത്തിന് വേണ്ടി മാച്ചുകള്‍ ഒത്തുകളിച്ചു എന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ആരോപണത്തില്‍ ചില കാര്യങ്ങള്‍ ഡാനിയല്‍ സമ്മതിക്കുകയും ചില കാര്യങ്ങള്‍ നിഷേധിക്കുകയുമായിരുന്നത്രെ.

സ്വീഡന്റെ മുന്‍ താരമായ തോമസ് നിദാലിനെതിരെയും ഒത്തുകളി ആരോപണമുണ്ട്. എന്നാല്‍ തോമസിനെതിരെ തെളിവുകളുള്ള കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഡാനിയല്‍ ബ്രസിലിയുടെ മൊഴിയില്‍ മറ്റ് കളിക്കാരുടെ വിവരങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്ല.
ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡാനിയല്‍ ബ്രസിലിക്കും പൊട്ടിറ്റോ സ്റ്റാറിസിനുമെതിരെ ഇതിന് മുമ്പും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2008 ല്‍ ഇരുവര്‍ക്കും എതിരെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇറ്റലിയുടെ മുന്‍നിര ടെന്നീസ് താരങ്ങളിലൊരാളാണ് 36കാരനായ ഡാനിയല്‍, 2006 മെയില്‍ നേടിയ നാല്‍പ്പത്തിയൊമ്പതാം റാങ്കാണ് കരിയര്‍ ബെസ്റ്റ്. ഓസ്‌ട്രേലിയന്‍, ഫ്രഞ്ച്, യു എസ് ഓപ്പണുകളില്‍ റണ്ണറപ്പായിരുന്നു.