
സെമി ഫൈനലില്‍ എത്തിയപ്പോഴൊക്കെ വിജയം ഫെഡററുടെ കൂടെയായിരുന്നു. ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ നിലവിലെ ഒന്നാം നമ്പര്‍ താരമായിട്ടും ജൊകോവിക്കിനും കഴിഞ്ഞില്ല. 6-3, 3-6, 6-4, 6-3 എന്ന സ്‌കോറിലാണ് ഫൈനല്‍ മത്സരത്തിന് സമാനമായ സെമി ഫൈനലില്‍ ഫെഡറര്‍ ജൊകോവിക്കിനെ തളച്ചിട്ടത്.
ആറു തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിച്ചുള്ള ഫെഡററുടെ എട്ടാം വിംബിള്‍ഡണ്‍ ഫൈനലാണിത്. ബ്രിട്ടന്റെ ആന്‍ഡി മുറേയായിരിക്കും ഈ സ്വിസ് താരം ഫൈനലില്‍ നേരിടുക.
വില്‍ഫ്രഡ് സോംഗയെ 6-3, 6-4, 3-6, 7-5 എന്ന സ്‌കോറില്‍ തകര്‍ത്തെറിഞ്ഞാണ് മുറേ ഫൈനലിലെത്തിയിരിക്കുന്നത്. മുറേയുടെ ഫൈനല്‍ പ്രവേശത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നീണ്ട 74 വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷമാണ് ഒരു ബ്രിട്ടീഷുകാരന്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്നത്.
ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ഫെഡറര്‍ ജയിച്ചാല്‍ ഏഴു വിംബിള്‍ഡണ്‍ കിരീടം എന്ന പീറ്റ് സാംപ്രസിന്റെ റെക്കോര്‍ഡിനൊപ്പം എത്തും ഫെഡറര്‍. അതുപോലെ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ കളിക്കാരനെന്ന റെക്കോര്‍ഡുമായി പീറ്റ് സാംപ്രസിനൊപ്പം നില്‍ക്കുന്ന ഫെഡറര്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം നേടുന്ന ഏക കളിക്കാരനും ആവും.
ഫൈനലിന്റെ ആവേശം നിറഞ്ഞ കളി കാണാന്‍ റോയല്‍ ബോകസില്‍ ഭാര്യ അഞ്‌ജലിക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമുണ്ടായിരുന്നു.
ശനിയാഴ്‌ച വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസ് അഗ്നിയേസ്‌ക റാഡ്വാന്‍സ്‌കയെ നേരിടും.