ഹൈദരാബാദ്: താന്‍ കളിക്കളത്തില്‍ ധരിക്കുന്ന വസ്ത്രത്തെ ചൊല്ലിയുള്ള വിവാദത്തോട് പ്രതികരിക്കാന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിസമ്മതിച്ചു. കളിക്കളത്തിലെ വേഷത്തിന്റെ പേരില്‍ താന്‍ മതപരമായ വിലക്ക് നേരിടുന്നില്ലെന്നും സാനിയ പറഞ്ഞു.
ഒരു സ്വകാര്യ ടിവി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടെന്നിസ് കോര്‍ട്ടില്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ സാനിയക്ക് ഫത്വ ഏര്‍പ്പെടുത്തിയതായി ഒരു മതപണ്ഡിതന്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകള്‍ സ്കര്‍ട്ടും ഷോര്‍ട്ടും സ്ലീവ്ലെസ് ടോപ്പും ധരിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഫത്വ ഏര്‍പ്പെടുത്തിയതത്രെ.
ചില സന്ദര്‍ഭങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് വെയ്ല്‍ ഒഴിവാക്കാമെന്നും എന്നാല്‍ പല രാജ്യങ്ങളിലും പോയി കളിക്കുന്ന പെണ്‍കുട്ടിയെ സംബന്ധിച്ച് ഇത് ബാധകമല്ലെന്നും മുസ്ലിം പണ്ഡിതന്‍ പറഞ്ഞു.
ഈ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്നും തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിലക്ക് നിലനില്‍ക്കുന്നതായി അറിയില്ലെന്നും സാനിയ വ്യക്തമാക്കി.