ന്യൂയോര്‍ക്ക്: പുരുഷ ടെന്നീസിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നില്‍ നൊവാന്‍ ജോകോവിച്ചിനെ കീഴടക്കി റാഫേല്‍ നദാല്‍ യു എസ് ഓപ്പണ്‍ കിരീടമുയര്‍ത്തി. 6-2, 3-6, 6-4, 6-1 എന്ന സ്‌കോറിനാണ് ലോക ഒന്നാം നമ്പര്‍ താരമായ ജോകോവിച്ചിനെ നദാല്‍ 'അട്ടിമറിച്ചത്'. നിലവില്‍ ലോക രണ്ടാം നമ്പര്‍ താരമാണ് സ്പാനിഷ് താരമായ നദാല്‍.
കരിയറില്‍ രണ്ടാം തവണയാണ് നദാല്‍ യു എസ് ഓപ്പണ്‍ കിരീടം ഉയര്‍ത്തുന്നത്. നാല് സെറ്റ് നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ആരുമാരും ജയിക്കാം എന്ന നിലയില്‍ നിന്നാണ് നദാല്‍ ക്ലാസിക് ഫൈനലില്‍ കപ്പുയര്‍ത്തിയത്. മൂന്ന് മണിക്കൂറും ഇരുപത്തിയൊന്ന് മിനുട്ടും നീണ്ടുനിന്നു ലോക ടെന്നീസിലെ കരുത്തന്മാര്‍ തമ്മിലുള്ള അഭിമാനപ്പോരാട്ടം.

ആദ്യസെറ്റില്‍ നദാലിന്റെ വിജയം അനായാസമായിരുന്നു. 6-2 എന്ന നിലയില്‍ ആദ്യസെറ്റ് പിടിച്ച നദാല്‍ മത്സരം ഏറെയൊന്നും നീൡ എന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ രണ്ടാം സെറ്റ് 3 - 6ന് കൈവശപ്പെടുത്തി ജോകോവിച്ച് തിരിച്ചടിച്ചു. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മൂന്നും നാലും സെറ്റുകളും യു എസ് ഓപ്പണ്‍ കിരീടവും നദാല്‍ പിടിച്ചെടുത്തു.
നദാലിന്റെ പതിമൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. 17 ഗ്രാന്‍ഡ്സ്ലാമുകളോടെ സാക്ഷാല്‍ റോജര്‍ ഫെഡററും 14 കിരീടനേട്ടവുമായി പീറ്റ് സാംപ്രസും മാത്രമാണ് ഇനി നദാലിന് മുന്നില്‍. ഫൈനലില്‍ തോറ്റ ജോകോവിച്ചിന് ആറ് ഗ്രാന്‍ഡ്സ്ലാമുകളുടെ മികവുണ്ട്. 36 തവണ നദാലും ജോകോവിച്ചും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 21 തവണയും ജയിച്ച് നദാല്‍ മികച്ചുനില്‍ക്കുന്നു.