ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും രോഹന്‍ ബൊപണ്ണയും മുന്നേറ്റം തുടരുന്നു. മിക്‌സഡ് ഡബിള്‍സില്‍ പേസും റഷ്യന്‍ പാര്‍ട്ണര്‍ എലേന വാസ്‌നിനയും ക്വാര്‍ട്ടറില്‍ കടന്നു.
ഏഴാം സീഡായ ഇവര്‍ തായ്‌പേയ്-പോളിഷ് സഖ്യത്തെ 6-2, 6-7 എന്ന സ്‌കോറില്‍ മറികടന്നു. നിലവിലുള്ള ചാംപ്യന്‍ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ കടന്നു. 6-2, 6-2 എന്ന സ്‌കോറില്‍ നില്‍ക്കെ എതിരാളിയായ ഫ്രഞ്ച് താരം നിക്കോളാസ് മോഹുത് പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങിയതോടെയാണിത്.
മുന്‍ ചാംപ്യന്‍ മരിയ ഷറപ്പോവ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. മൂന്നാം റൗണ്ടില്‍ ഇറ്റലിയില്‍ നിന്നുള്ള ഫഌവിയ പെന്നെറ്റയാണ് മുന്‍ ചാംപ്യനെ തിരിച്ചയച്ചത്. കരിയറിലെ കന്നി ഗ്രാന്‍സ്ലാം കിരീടം തേടിയിറങ്ങിയ ആന്‍ഡി മുറെ കടുത്ത പരീക്ഷണത്തെ അതിജീവിച്ച് മൂന്നാം റൗണ്ട് ബെര്‍ത്ത് ഉറപ്പാക്കി. അണ്‍സീഡഡ് താരം റോബിന്‍ ഹാസാണ് ലോകനാലാം റാങ്കുകാരനെ വെള്ളം കുടിപ്പിച്ചത്. സ്‌കോര്‍: 6-7, 2-6, 6-2, 6-0, 6-4.