മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജൊകോവികിന് തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം. ഞായറാഴ്ച മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ 6-7, 7-6, 6-3, 6-2 എന്ന സ്കോറിന് കീഴടക്കിയാണ് സെര്‍ബിയന്‍ താരം ഈ അതുല്യ നേട്ടത്തിലെത്തിയത്.
ഈ ട്രോഫി വീണ്ടും നേടാനായത് അനിര്‍വചനീയമായ സന്തോഷമാണുണ്ടാക്കുന്നത്. തീര്‍ച്ചയായും ഇതെന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രാന്‍സ്ലാമാണ്-പങ്കെടുത്ത ആറു തവണയില്‍ നാലു പ്രാവശ്യവും കിരീടത്തില്‍ മുത്തമിട്ട സൂപ്പര്‍താരം വ്യക്തമാക്കി.
ആന്‍ഡിയോട് നന്ദിയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഞങ്ങള്‍ രണ്ടു പേരും ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് പലപ്പോഴും അയാള്‍ക്ക് കിരീടം നഷ്ടപ്പെടുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന ന്യൂയോര്‍ക്ക് ഫൈനലില്‍ ആന്‍ഡി മുറെ ജൊകോവിക്കിനെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ആസ്ത്രേലിയന്‍ ഓപണ്‍ മുറെ നേടുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ശക്തമായ സെര്‍വുകളുമായി ഇരുതാരങ്ങളും ഏറ്റുമുട്ടിയത് കാണികള്‍ക്ക് അവിസ്മരണീയമായ ഒരു ഫൈനല്‍ തന്നെ സമ്മാനിച്ചു. 1934ല്‍ ഫ്രെഡ് പാരിയാണ് അവസാനമായി ആസ്ത്രേലിയന്‍ ഓപണ്‍ കിരീടം നേടിയ ബ്രിട്ടീഷുകാരന്.