ലണ്ടന്‍: ടെന്നീസ് താരങ്ങളുടെ സ്വപ്നമായ വിംബിള്‍ഡണിന് ജൂണ്‍ 26 തിങ്കളാഴ്ച തുടക്കം. വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടില്‍ ഇനിയുള്ള രണ്ടാഴ്ച ഉത്സവനാളുകള്‍. ടെന്നീസ് പ്രേമികള്‍ക്ക് വിരുന്നൊരുക്കാന്‍ മുതിര്‍ന്ന എല്ലാ കളിക്കാരും ഇപ്രാവശ്യം വിംബിള്‍ഡനിലെത്തുന്നു.
ആറുതവണ വിംബിള്‍ഡണില്‍ കിരീടത്തില്‍ മുത്തമിട്ട ഒന്നാം സീഡ് പീറ്റ് സാംപ്രാസ് തന്നെയാണ് പുരുഷവിഭാഗത്തില്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരം. 96-ല്‍ ക്വാര്‍ട്ടറില്‍ തോറ്റതൊഴിച്ചാല്‍ 93 മുതല്‍ വിംബിള്‍ഡണ്‍ നേടി വരുന്നത് സാംപ്രാസാണ്. സാംപ്രാസിനെ പുല്‍ക്കോര്‍ട്ടില്‍ പലപ്പോഴും വെല്ലുവിളിച്ചിട്ടുളള ആന്ദ്രെ അഗാസിയാണ് രണ്ടാം സീഡ്. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ഗസ്റാവോ കേര്‍ട്ടന്‍ നാലാം സീഡും.
കഴിഞ്ഞ തവണ ആദ്യറൗണ്ടില്‍ത്തന്നെ തോറ്റ് പുറത്തായെങ്കിലും മാര്‍ട്ടിന ഹിംഗിസ് തന്നെയാണ് വനിതാവിഭാഗത്തില്‍ ഒന്നാം സീഡ്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് രണ്ടാം സീഡാണ്. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ മേരി പിയേഴ്സ്, കൊഞ്ചിറ്റ മാര്‍ട്ടിനെസ്, വീനസ് വില്യംസ്, മോണിക്കാ സെലസ് എന്നിവരും ഹിംഗിസിന് വെല്ലുവിളിയുയര്‍ത്തും.