ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷവിഭാഗത്തില്‍ നിന്ന് ആന്ദ്രെ അഗാസി പുറത്ത്. രണ്ടാം സീഡായ ഈ അമേരിക്കക്കാരനെ സെമിഫൈനലില്‍ പരാജയപ്പെടുത്തി 12-ാം സീഡ് പാട്രിക്ക് റാഫ്റ്റര്‍ ഫൈനലില്‍ കടന്നു.
ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ പീറ്റ് സാംപ്രാസും ബലാറസിന്റെ വ്ലാദിമിര്‍ വോള്‍ജ്ക്കോവും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെയാണ് റാഫ്റ്റര്‍ ഫൈനലില്‍ നേരിടുക. ഫൈനല്‍ ജൂലൈ ഒമ്പത് ഞായറാഴ്ച നടക്കും.
അഞ്ച് സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് റാഫ്റ്റര്‍ അഗാസിയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 7-5, 4-6, 7-5, 4-6, 6-3. റാഫ്റ്റര്‍ അഗാസിയുടെ സെര്‍വ് അഞ്ചു തവണ ഭേദിച്ചപ്പോള്‍ അഗാസിക്ക് നാലു തവണ മാത്രമേ സാധിച്ചുള്ളൂ. ആദ്യനാലു സെറ്റുകളില്‍ ശക്തമായ പോരാട്ടം കാഴ്ച വെച്ച അഗാസി അവസാന സെറ്റില്‍ തീര്‍ത്തും നിസ്സഹായനാവുകയായിരുന്നു.
വില്യംസ് സഹോദരിമാര്‍ ഡബിള്‍സ് ഫൈനലില്‍
അതേസമയം വനിതാവിഭാഗം ഡബിള്‍സില്‍ വീനസ് വില്യംസ്-സെറീന വില്യംസ് സഖ്യം ഫൈനലില്‍ കടന്നു.
അഞ്ചാം സീഡായ അന്ന കൂര്‍ണിക്കോവ-നടാഷ സ്വരേര സഖ്യത്തെ 6-3, 7-6-ന് തകര്‍ത്താണ് വില്യംസ് സഹോദരിമാര്‍ ഫൈനലിലെത്തിയത്. കളിയിലുടനീളം ആധിപത്യം സ്ഥാപിച്ച വില്യംസ് സഹോദരിമാര്‍ കൂര്‍ണിക്കോവ സഖ്യത്തിന്റെ സെര്‍വുകള്‍ രണ്ടു തവണ ഭേദിച്ചു.
വീനസ് വില്യംസ് വനിതാവിഭാഗം സിംഗിള്‍സ് മത്സരങ്ങളുടെ ഫൈനലിലും എത്തിയിട്ടുണ്ട്. അനുജത്തിയായ സെറീനയെ സെമിഫൈനലില്‍ 6-2, 7-6-ന് മറികടന്നാണ് വീനസ് ഫൈനലിലെത്തിയത്. ജൂലൈ എട്ട് ശനിയാഴ്ച നടക്കുന്ന സിംഗിള്‍സ് ഫൈനലില്‍ വീനസ് ഇപ്പോഴത്തെ ചാമ്പ്യനും രണ്ടാം സീഡുമായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടിനെ നേരിടും.