മെല്‍ബണ്‍: മാരത്തോണ്‍ പോരാട്ടത്തില്‍ ആസ്ത്രേലിയയുടെ പാട്രിക് റാഫ്റ്ററെ തോല്പിച്ച് ആറാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ ആന്ദ്രെ അഗാസി ആസ്ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം ഫൈനലില്‍ കടന്നു (സ്കോര്‍: 7-5, 2-6, 6-7, 6-3, 6-3)
ജനവരി 26 വെള്ളിയാഴ്ച സെബാസ്റ്യന്‍ ഗ്രോസ്ജീന്‍ -ആര്‍നോഡ് ക്ലമന്റ് മത്സരത്തിലെ വിജയിയെയാണ് അഗാസി ഫൈനലില്‍ നേരിടുക.
ജനവരി 25 വ്യാഴാഴ്ച മെല്‍ബണില്‍ നടന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ നാട്ടുകാരുടെ പിന്തുണയുമായി കളിച്ച 12ാം സീഡ് റാഫ്റ്ററെ മറികടക്കാന്‍ അഗാസിക്ക് അഞ്ചുസെറ്റും കളിക്കേണ്ടി വന്നു.
ആദ്യസെറ്റില്‍ തന്നെ വരാന്‍പോകുന്ന മികച്ച പോരാട്ടത്തിന്റെ സൂചനയുണ്ടായിരുന്നു. സെറ്റ് 7-5ന് പിടിച്ചെടുക്കാന്‍ അഗാസിക്ക് കഴിഞ്ഞെങ്കിലും റാഫ്റ്ററിന്റെ പോരാട്ടവീര്യത്തെ തകര്‍ക്കാനായില്ല. വെറും രണ്ടു ഗെയിമുകള്‍ മാത്രം വിട്ടുകൊടുത്തുകൊണ്ട് രണ്ടാം സെറ്റ് റാഫ്റ്റര്‍ നേടി.
മൂന്നാം സെറ്റില്‍ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. ഇരുവരും സര്‍വീസുകള്‍ നിലനിര്‍ത്തിപ്പോയപ്പോള്‍ ടൈബ്രേക്കര്‍ ആവശ്യമായിവന്നു. ടൈബ്രേക്കര്‍ 7-5ന് റാഫ്റ്റര്‍ നേടിയതോടെ മെല്‍ബണിലെ റോഡ് ലാവര്‍ അരേന സ്റേഡിയം രണ്ട് ചാമ്പ്യന്മാരുടെ പതനം കാണുമോ എന്ന് തോന്നി. വ്യാഴാഴ്ച രാവിലെ നടന്ന വനിതാവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് ജെന്നിഫര്‍ കപ്രിയാറ്റിയോട് തോറ്റിരുന്നു.
എന്നാല്‍ അവസാന രണ്ട് സെറ്റുകളില്‍ അഗാസി ചാമ്പ്യന് ചേര്‍ന്ന കളിയാണ് പുറത്തെടുത്തത്. ശക്തമായ സര്‍വുകളുടെയും വിന്നേഴ്സുകളുടെയും അകമ്പടിയോടെ അഗാസി നാലാം സെറ്റ് 6-2ന് സ്വന്തമാക്കി. മാനസികമായി തകര്‍ന്ന റാഫ്റ്ററിന് അഞ്ചാം സെറ്റില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. സെറ്റിന്റെ തുടക്കത്തില്‍ തന്നെ അഗാസി റാഫ്റ്ററിന്റെ സര്‍വീസ് ഭേദിച്ചു മുന്നോട്ടു കുതിച്ചു.അധികം വൈകാതെ സെറ്റും മാച്ചും അഗാസിയുടെ കൈയില്‍.