ഒഹിയോ: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം ടെന്നീസ് മാസ്റേഴ്സ് ഡബിള്‍സ് കിരീടം നേടി. സിന്‍സിനാറ്റിയില്‍ ആഗസ്ത് 12 ഞായറാഴ്ച നടന്ന മത്സരത്തില്‍ മാര്‍ട്ടിന്‍ ഡാം-ഡേവിഡ് പ്രിനോസില്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6, 6-3.
പേസ്-ഭൂപതി സഖ്യം ഈ വര്‍ഷം നേടുന്ന നാലാമത്തെ കിരീടമാണിത്. മാസ്റേഴ്സ് സീരിസില്‍ 1998നു ശേഷം ആദ്യകിരീടവും.
ഡാം-പ്രിനോസില്‍ സഖ്യത്തിനെതിരായ ഫൈനലില്‍ ഇന്ത്യന്‍ സഖ്യത്തിന് കാര്യമായ വെല്ലുവിളിയൊന്നുമുണ്ടായില്ല. ആദ്യസെറ്റില്‍ ഇരുവരും സര്‍വുകള്‍ നിലനിര്‍ത്തിപ്പോയപ്പോള്‍ ടൈബ്രേക്കറില്‍ നിര്‍ണായകപോയിന്റുകള്‍ നേടി പേസും ഭൂപതിയും സെറ്റ് കരസ്ഥമാക്കി. രണ്ടാം സെറ്റില്‍ എതിരാളികളുടെ ഒരു സെര്‍വ് ഭേദിച്ച് അവര്‍ കിരീടത്തിലേക്ക് കുതിച്ചു.
കഴിഞ്ഞ വര്‍ഷം ഒരുമിച്ച പേസ്-ഭൂപതി സഖ്യം പിന്നീട് ആറ് ഫൈനലുകളിലെത്തി അഞ്ചെണ്ണത്തില്‍ വിജയികളായി. ഇതില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഉള്‍പ്പെടും. കഴിഞ്ഞ ഡിസംബറില്‍ ബാംഗ്ലൂരില്‍ നടന്ന ലോക ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ പക്ഷേ സഖ്യം പരാജയപ്പെട്ടു.