Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Shanghai Masters: ജോക്കോയടക്കം തളര്‍ന്നു വീണു!! എതിരാളിയോടല്ല, ചൂടിനോടു 'സുല്ലിട്ട്' ടെന്നീസ് ഹീറോസ്

ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് ലോകത്തെ ടെന്നീസ് താരങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. മത്സരമികവില്‍ മുന്നിലുള്ള എതിരാളികള്‍ ധാരാളമുള്ളത് കൊണ്ടാണെന്ന് ആരും ധരിക്കും. പക്ഷേ സംഗതി അതല്ല. ലോകത്തെ ഒന്നാം നമ്പറോ രണ്ടാം സീഡോ ആരായാലും കുഴപ്പമില്ല, നേരിടാം. പക്ഷേ ഈ ചൂട്. താങ്ക മുടിയലൈ...ഇതാണ് കളിക്കാര്‍ പറയുന്നത്.

പൊരുതിക്കളിച്ചല്ല മറിച്ച് ചൂടത്ത് വാടിത്തളര്‍ന്നാണ് കളിക്കാര്‍ ഇവിടെ വീഴുന്നത്. 24 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെര്‍ബിയന്‍ താരം നൊവാക് ജ്യോക്കോവിച്ചിന് മുതല്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഹോള്‍ഗര്‍ റൂണിന് ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. വനിതകള്‍ക്കും അതെ.

NOVAK DJOKOVIC

സെര്‍ബിയ കൊസോവ യുദ്ധകാലത്താണ് നൊവാക്കിന്റെ ബാല്യവും കൗമാരവും. യുദ്ധത്തിന്റെ ഉറങ്ങാത്ത മുറിവുകളുടെ വേദനയും പോരാട്ടവീര്യത്തിന്റെ ഉശിരും പേറുന്ന ഹൃദയമുള്ളവന്‍. നിലപാടുകളില്‍ ഉറച്ച് നില്‍ക്കും. അതിന്റെ പേരില്‍ ആരോടും തര്‍ക്കത്തിനും തയ്യാര്‍.

വെച്ച കാല്‍ പിറകോട്ട് വെക്കില്ല. പരിക്കും വേദനയുമുണ്ടെങ്കിലും പരമാവധി മത്സരത്തില്‍ ഉറച്ച് നില്‍ക്കും. നൊവാക് ഇങ്ങനെയൊക്കെയാണ്. പക്ഷേ ഷാങ്ഹായി ആ ധീരശൂര പരാക്രമിയെയും വെള്ളം കുടിപ്പിച്ചിരിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്താന്‍ കാല്‍പ്പാദത്തിലെ പരിക്ക് പോട്ടെന്ന് വെച്ച് കളിക്കാന്‍ നൊവാക് തയ്യാറായിരുന്നു. പക്ഷേ ചൂട് വശം കെടുത്തി.

കിട്ടിയ ബ്രേക്കുകളൊന്നും നൊവാക് വേണ്ടെന്ന് വെച്ചില്ല. വെള്ളമൊക്കെ കുടിച്ചു. പക്ഷേ ചൂട് മറികടക്കാന്‍ അതൊന്നും പോരായിരുന്നു. കോര്‍ട്ടിന് പുറത്ത് ഛര്‍ദിച്ച് വശായി. ഫിസിക്കലി ചാലെഞ്ചിങ് ഇതായിരുന്നു ചൂടിനെ കുറിച്ചുള്ള നൊവാക്കിന്റെ പ്രതികരണം.

ലോകത്തെ മൂന്നാം നമ്പര്‍ താരമായ അലക്‌സാണ്ടര്‍ സ്വെരവിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. നൊവാക്ക് ഛര്‍ദിച്ചും വേദനസംഹാരി ഉപയോഗിച്ചും ഒക്കെയാണെങ്കിലും നൊവാക് മുന്നേറി. പക്ഷെ സുവാരവ് തോറ്റു. അമ്പത്തിനാലാം റാങ്കുകാരനായ ഫ്രഞ്ച് താരം ആര്‍തര്‍ റിന്‍ഡെന്‍ക്‌നെച്ചാണ് തോല്‍പിച്ചത്.

മുമ്പ് വിംബിള്‍ഡണിലും ഇതേ താരം സ്വെരവിനെ തോല്‍പിച്ചിട്ടുണ്ട്. പക്ഷേ ഇത്തവണ, ഷാങ്ഹായിയില്‍ തന്നെ തോല്‍പിച്ചത് ചൂടും കൂടി ചേര്‍ന്നാണെന്നെ സ്വെരവ് പറയൂ. കാരണം മത്സരത്തിനിടെ കാല്‍ വിയര്‍ത്തൊലിച്ച് സോക്‌സും ഷൂസും ഒക്കെ ഊരി വിയര്‍പ്പ് കുടഞ്ഞു കളയേണ്ട അവസ്ഥയായിരുന്നു സ്വെരവിന്.

ഞങ്ങളെ കൊല്ലുമോടേയ്....ഏതാണ്ട് ഈ മട്ടിലായിരുന്നു ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഹോള്‍ഗര്‍ റൂണിന്റെ ചോദ്യം. ഉയര്‍ന്ന ചൂടും സാന്ദ്രതയും ഷാങ്ഹായ് വേദിയിലെ അവസ്ഥ കുറച്ച് കടുപ്പമാണെന്നും ഏതെങ്കിലും കളിക്കാര്‍ കോര്‍ട്ടില്‍ വീണ് മരിക്കണമോ എന്നുമായിരുന്നു റൂണ്‍ ചോദിച്ചത്. കളിക്കാര്‍ക്ക് മാത്രമല്ലല്ലോ,ബോളെടുക്കാന്‍ നില്‍ക്കുന്ന കുട്ടികള്‍, അംപയര്‍മാര്‍, കളി കാണാനെത്തുന്നവര്‍ എല്ലാവര്‍ക്കും ഈ ചൂട് അസഹ്യമാണെന്ന് റിന്‍ഡെന്‍ക്‌നെച്ച് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു.

കൈയില്‍ പിടിക്കാന്‍ പറ്റുന്ന ഫാനുകളും ഐസ് പാക്കുകളുമൊക്കെയായാണ് കാണികളില്‍ കൂടുതല്‍ പേരും എത്തുന്നത്. പ്രധാന കോര്‍ട്ടിന് മേല്‍ക്കൂരയുണ്ട്. പക്ഷേ അത് മഴ പെയ്യുമ്പോള്‍ മാത്രം ഉപകാരപ്പെടുന്ന ഒന്നാണ്. മഴ എന്നത് അടുത്ത കാലത്തൊന്നും എത്തുന്ന ലക്ഷണവുമില്ല. അപ്പോള്‍ പിന്നെ താപനിലച്ചട്ടം വേണ്ടെ എന്നാണ് റൂണ്‍ ചോദിക്കുന്നത്.

വിഷയം പരിഗണിക്കാമെന്നാണ് എടിപി അധികൃതര്‍ പറയുന്നത്. ടൂര്‍ണമെന്റ് വേദിയിലുള്ള എടിപി സൂപ്പര്‍വൈസര്‍, ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ടീമുമായും പ്രാദേശിക അധികൃതരുമായും ചര്‍ച്ച ചെയ്ത് കാലാവസ്ഥയുടെ കാര്യവും മത്സരനടത്തിപ്പും തീരുമാനിക്കണമെന്നാണ് നിലവിലെ ചട്ടം.

ഇതില്‍ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാമെന്നാണ് എടിപി പറയുന്നത്. അത് വളരെ നല്ലതായിരിക്കുമെന്ന് കളിക്കാരും പറയുന്നു. കാരണം ഷാങ്ഹായിയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതായത് സെമി, ഫൈനല്‍ തുടങ്ങിയ ആവേശം കൂടുന്ന മത്സരങ്ങള്‍ക്ക് ചൂടിന്റെ വക മേലാപ്പുണ്ടാകുമെന്നര്‍ത്ഥം.

വാല്‍ക്കഷ്ണം

വനിതകളുടെ WTA മത്സരങ്ങള്‍ നടക്കുന്ന വുഹാനിലും നല്ല ചൂടാണ്. പക്ഷേ WTAക്ക് താപനിലച്ചട്ടമുണ്ട്. അതുകൊണ്ട് കൊണ്ടുപിടിച്ച ചൂടിന്റെ സമയത്ത് തുറന്ന കോര്‍ട്ടുകളിലെ മത്സരം നിര്‍ത്തിവെക്കും. വിശ്രമവേളകള്‍ അനുവദിക്കും. എന്നിട്ടും സ്ഥിതി കടുപ്പമാണെന്ന് ലോകരണ്ടാം നമ്പര്‍ താരം ഇഗ സ്വെതെഗ് പറയുന്നു.

മുന്‍ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍മാരായ എമ്മ റാഡുക്കാനുവിനും യെലെന ഒസ്തപെങ്കോക്കും മത്സരങ്ങളില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ടി വന്നിരുന്നു. നടന്ന മത്സരങ്ങളുടെ അത്ര തന്നെ നിര്‍ത്തിവെക്കലുകളും കണ്ടാണ് വുഹാനില്‍ WTA മത്സരങ്ങള്‍ തുടരുന്നത്.

Story first published: Thursday, October 9, 2025, 14:06 [IST]
Other articles published on Oct 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+