സെര്‍ബിയന്‍ സുന്ദരി കോര്‍ട്ട് വിട്ടു, ആരാധകര്‍ എങ്ങനെ സഹിക്കും!!
ബെല്‍ഗ്രേഡ്: ജ്വലിക്കുന്ന സൗന്ദര്യത്തിലൂടെയും കളി മികവിലൂടെയും ലോകം മുഴുവനുമുള്ള ടെന്നിസ് പ്രേമികളുടെ ഹരമായിരുന്ന സെര്‍ബിയന്‍ താരം അനാ ഇവാനോവിച്ച് കളി നിര്‍ത്തി.
കരിയറില്‍ ഇനിയുമേറെ ദൂരം പോവാന്‍ കഴിയാമായിരുന്ന അന 29ാം വയസ്സിലാണ് കായികലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിടാതെ തുടരുന്ന പരിക്കാണ് തന്നെ ഇത്തരമൊരു കടുപ്പമേറിയ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നു സെര്‍ബിയന്‍ താരം വ്യക്തമാക്കി.

കളിക്കളത്തില്‍ എതിരാളികളെ തകര്‍ത്തുവിടുന്ന അനയ്ക്ക് പക്ഷെ പരിക്കിനെ മാത്രം തോല്‍പ്പിക്കാനായില്ല. ഈ പരിക്കു തന്നെയാണ് ഇപ്പോള്‍ താരത്തിന്‍റെ കരിയറിനു അന്ത്യം കുറിച്ചതും.

യുഗോസ്ലാവ്യയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ താരം മോണിക്ക സെലസിന്‍റെ ആരാധികയാണ് അന. അഞ്ചു വയസ്സ് മാത്രമുള്ളപ്പോള്‍ ടെലിവിഷനില്‍ അവരുടെ മല്‍സരങ്ങള്‍ കാണുമായിരുന്നു. അന്നു മുതല്‍ ടെന്നിസ് താരമാവുക തന്‍റെ സ്വപ്‌നമായിരുന്നുവെന്ന് അന പറയുന്നു.

2008ലെ ഫ്രഞ്ച് ഓപണ്‍ ജേതാവാണ് അന. അന്നു ഫൈനലില്‍ റഷ്യയുടെ ദിനാര സഫിനയെയാണ് അന നേരിട്ടുള്ള സെറ്റുകള്‍ക്കു തുരത്തിയത്.

2008ല്‍ രണ്ടു ഗ്രാന്‍റ്സ്ലാമുകള്‍ അനയുടെ കരിയറില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ സീസണിലെ ആദ്യ ഗ്രാന്‍റ്സ്ലാമായ ആസ്‌ത്രേലിയന്‍ ഓപണിന്‍റെ ഫൈനലില്‍ അനയ്ക്കു കാലിടറി. റഷ്യയുടെ മരിയ ഷറപ്പോവയോടാണ് സെര്‍ബിയന്‍ താരം പരാജയം സമ്മതിച്ചത്.

12 ആഴ്ചകള്‍ ലോക ഒന്നാംറാങ്കില്‍ തുടരാന്‍ അനയ്ക്കായിട്ടുണ്ട്. 2008ലായിരുന്നു ഇത്. കരിയറില്‍ 15 സിംഗിള്‍സ് കിരീടങ്ങള്‍ അന നേടിയിട്ടുണ്ട്.

നിലവില്‍ ഡബ്ല്യുടിഎയുടെ റാങ്കിങില്‍ 65ാം സ്ഥാനത്താണ് അന. പരിക്കുകളെ തുടര്‍ന്ന് പല ടൂര്‍ണമെന്‍റുകളിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്നത് താരത്തിനു തിരിച്ചടിയായി.

ആക്രമണോല്‍സുകതയായിരുന്നു ടെന്നിസ് കോര്‍ട്ടില്‍ അനയുടെ തുറുപ്പുചീട്ട്. പ്രത്യേകിച്ചും താരത്തിന്‍റെ കരുത്തുള്ള ഫോര്‍ഹാന്റ് സ്മാഷുകള്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു.

2016ല്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി 15 മല്‍സരങ്ങളില്‍ അന റാക്കറ്റേന്തിയെങ്കിലും ഒന്നില്‍ മാത്രമാണ് ജയിക്കാനായത്.

ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറാണ് അനയുടെ ഭര്‍ത്താവ്. ഈ വര്‍ഷമാദ്യമാണ് ഇരുവരും വിവാഹിതരായത്.

ബിസിനസിലേക്കും ഫാഷന്‍ ലോകത്തേക്കും കടക്കാനാണ് ഇനി അനയുടെ പദ്ധതി. യൂനിസെഫില്‍ സെര്‍ബിയയുടെ ദേശീയ അംബാസഡര്‍ കൂടിയാണ് താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications