റിയോ ഡി ജനീറോ: ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ഒളിംപിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ തിരിച്ചടി. പുരുഷ ഡബിള്‍സില്‍ ആദ്യം ലിയാണ്ടര്‍ പേസ്- രോഹന്‍ ബൊപ്പണ്ണ സഖ്യം പുറത്തായതിന് പിറകേ സാനിയ മിര്‍സ- പ്രാര്‍ത്ഥന തോംബാര്‍ സഖ്യവും പുറത്തായി.
ഇത്തവണത്തെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ട് മെഡല്‍ പ്രതീക്ഷകളാണ് ഇതോടെ പൊലിഞ്ഞത്. മികച്ച ഫോം നിലനിര്‍ത്തിയിരുന്ന സാനിയ - പ്രാര്‍ത്ഥന സഖ്യം ശക്തമായ പോരാട്ടമാണ് നടത്തിയതെങ്കിലും വിജയിക്കാനായില്ല.

ചൈനയുടെ ഷുവായി പെങ് - ഷുവായി സാങ് സഖ്യവുമായിട്ടാണ് സാനിയ - പ്രാര്‍ത്ഥന സഖ്യം ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയത്. ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ ചൈനയുടെ സഖ്യം സ്വന്തമാക്കി. രണ്ടാം സെറ്റ് സാനിയ സഖ്യം പിടിച്ചെടുത്തു. പക്ഷേ മൂന്നാം സെറ്റില്‍ ഭാഗ്യം ചൈനയ്‌ക്കൊപ്പമായിരുന്നു. അതോടെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളില്‍ ഒന്ന് അസ്തമിയ്ക്കുകയും ചെയ്തു. സ്‌കോര്‍: 6-7, 7-5, 5-7.

ഇനി ടെന്നീസിലെ മെഡല്‍ പ്രതീക്ഷ മിക്‌സഡ് ഡബിള്‍സ് ആണ്. സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യമാണ് ഇന്ത്യക്ക് വേണ്ടി പൊരുതാനിറങ്ങുന്നത്. പുരുഷ ഡബിള്‍സില്‍ പേസ്-ബൊപ്പണ്ണ സഖ്യം പോളണ്ടിന്‍റെ ലുക്കാസ് കുബോട്ട- മാര്‍സിന്‍ മറ്റകോവ്‌സ്‌കി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.