പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങളെല്ലാം ജയത്തോടെ മുന്നേറി. പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍, സെര്‍ബിയന്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്ച് എന്നിവര്‍ അവസാന 32ല്‍ ഇടംനേടി. വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും സ്പാനിഷ് താരവുമായ ഗബ്രീന്‍ മുഗുറുസ, 10ാം സീഡ് അമേരിക്കയുടെ വീനസ് വില്ല്യംസ് എന്നിവരും അടുത്ത റൗണ്ടില്‍ കടന്നു.

രണ്ടാം റൗണ്ടില്‍ ഹോളണ്ടിന്റെ റോബിന്‍ ഹാസെയെയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 6-1, 6-4, 6-3. ലോക രണ്ടാം നമ്പര്‍ ജോക്കോവിച്ച് പോര്‍ച്ചുഗലിന്റെ ജാവോ സോസയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിക്കുകയായിരുന്നു. 6-1, 6-4, 6-3 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് എതിരാളിയെ നിഷ്പ്രഭനാക്കിയത്.

വനിതകളില്‍ വീനസ് 6-3, 6-1ന് ജപ്പാന്റെ കുറുമി നാറയെ തുരത്തി. എന്നാല്‍ ചാംപ്യന്‍ മുഗുറുസയ്ക്ക് ജയത്തിനായി നന്നായി വിയര്‍ക്കേണ്ടിവന്നു. എസ്റ്റോണിയയുടെ അനെറ്റ് കോന്റവിറ്റിനെതിരേ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് മുഗുറുസ ജയത്തിലേക്ക് പൊരുതിക്കയറിയത്. സ്‌കോര്‍: 6-7, 6-4, 6-2. മറ്റൊരു കളിയില്‍ 15ാം സീഡായ ചെക്ക് താരം പെട്ര ക്വിറ്റോവയെ അമേരിക്കയുടെ ബെതാനി മറ്റെക് സാന്‍ഡ്‌സ് 6-7, 6-7ന് അട്ടിമറിച്ചു.

അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സയുള്‍പ്പെട്ട ടീം ആദ്യറൗണ്ടില്‍ പുറത്തായി. കസാക്കിസ്താന്റെ യെര ഷ്വഡോവയ്‌ക്കൊപ്പം മല്‍സരിച്ച സാനിയയെ ഗാറിലോവ-പവ്‌ല്യുചെങ്കോവ സഖ്യം 7-6, 1-6, 6-2ന് വീഴ്ത്തുകയായിരുന്നു.