ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് അഭിമാന സാനിയ മിര്‍സ ടെന്നീസ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഡബിള്‍സ് വിഭാഗത്തിലാണ് സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഈ സ്ഥാനം സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡബ്ല്യൂടിഎ ഫാമിലി സര്‍ക്കിള്‍ കപ്പ് സ്വന്തമാക്കിയതോടെയാണ് സാനിയയ്ക്കും ഹിംഗിസിനും ചരിത്ര നേട്ടം സ്വന്തമായത്.

ഫാമിലി സര്‍ക്കിള്‍ ഫൈനലില്‍ കാസി ഡെല്ലാക്വാ- ജരിജ ജുറാക് സഖ്യത്തെയാണ് സാനിയയും ഹിംഗിസും തോല്‍പിച്ചത്. അമ്പത്തയേഴ് മിനിട്ട് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-0, 6-4.

ഒറ്റ വിജയത്തിലൂടെ 470 പോയന്റുകളാണ് സാനിയ സഖ്യം സ്വന്തമാക്കിയത്. ഇതോടെ സാനിയ- ഹിംഗിസ് സഖ്യത്തിന് 7965 പോയന്റുകളായി. ഇറ്റലിയുടെ സാറ ഇറാനി- റോബെര്‍ട്ട വിന്‍സി സഖ്യമായിരുന്നു ലോക ഒന്നാം നമ്പര്‍.
സാനിയയക്ക് മുമ്പ് ലോക ഒന്നാം റാങ്കിങ്ങില്‍ എത്തിയ രണ്ട് ഇന്ത്യക്കാരുണ്ട്. ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇവരുടെ കൂട്ടുകെട്ട് ചരിത്രം സൃഷ്ടിച്ച 1990കളുടെ അവസാനത്തിലായിരുന്നു ഇത്.
സാനിയയ്ക്ക് എന്തായാലും പുതിയ കൂട്ടുകെട്ട് മികച്ച ആത്മവിശ്വാസമാണ് പകരുന്നത്. കാര ബ്ലാക്കിനെ പിരിഞ്ഞതിന് ശേഷമാണ് മാര്‍ട്ടിന ഹിംഗിസുമായി സഖ്യമാകുന്നത്. ഇവര്‍ ഒത്തുചേര്‍ന്നതിന് ശേഷം കളിച്ച മൂന്ന് ടൂര്‍ണമെന്റുകളിലും കിരീടം സ്വന്തമാക്കി.