ന്യൂയോര്‍ക്ക്: മാര്‍ട്ടിന ഹിംഗിസ് വീണ്ടും ഇന്ത്യന്‍ ടെന്നീസിന് ഭാഗ്യമാകുന്നു. യു എസ് ഓപ്പണ്‍ ടെന്നീസിലാണ് ഏറ്റവും ഒടുവില്‍ മാര്‍ട്ടിന ഹിംഗിസ് ഇന്ത്യന്‍ ജോഡികള്‍ക്ക് കരുത്താകുന്നത്. ഹിംഗിസിനൊപ്പം മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ലിയാന്‍ഡര്‍ പേസും വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയുമാണ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയുടെ തന്നെ രോഹന് ബൊപ്പണ്ണയുടെ സഖ്യത്തെ വീഴ്ത്തിയാണ് മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ് - മാര്‍ട്ടിന ഹിംഗിസ് സഖ്യം കലാശക്കളിക്ക് യോഗ്യത നേടിയത്. ചൈനീസ് തായ്പേയിയുടെ യുംഗ്ചാന് ജാനിനൊപ്പമാണ് ബൊപ്പണ്ണ സെമി കളിക്കാനിറങ്ങിയത്. 6 - 2, 7 - 5 എന്ന സ്കോറിനായിരുന്നു പേസ് - ഹിംഗിസ് സഖ്യത്തിന്റെ വിജയം. ഫൈനലില്‍ അമേരിക്കയുടെ ബെഥാനി മറ്റെക് - സാം ക്വയറെ സഖ്യമാണ് ഇവരെ നേരിടുക.
വനിതാ ഡബിള്‍സില്‍ ഇറ്റലിയുടെ സാറ ഇറാനിഫ്ളാവിയ - പെനേറ്റ സഖ്യത്തെ തോല്പിച്ചാണ് സാനിയയും ഹിംഗിസും ഫൈനലില്‍ എത്തിയത്. സ്കോര്‍ 6 - 4, 6 - 1. സ്വിറ്റ്സര്‍ലന്‍ഡിന്റെ വെറ്ററന്‍ താരമായ മാര്‍ട്ടി ഹിംഗിസ് ഈ വര്‍ഷം ലിയാന്‍ഡര്‍ പേസിനും സാനിയ മിര്‍സയ്ക്കും ഒപ്പം വിംബിള്‍ഡണിലെ ഡബിള്‍സ് കിരീടങ്ങള്‍ തൂത്തുവാരിയിരുന്നു.