ദില്ലി: നാല്‍പ്പത്തി രണ്ടാം വയസ്സിലും ടെന്നീസ് മൈതാനങ്ങളില്‍ പറന്നുനടന്ന് കളിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയര്‍ ലിയാന്‍ഡര്‍ പേസ്. 18 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായി അവിശ്വസനീയ ഫോമിലാണ് ഈ പ്രായത്തിലും പേസ്. മാര്‍ട്ടിന ഹിംഗിസിനൊപ്പം ഇക്കഴിഞ്ഞ ആഴ്ചയാണ് പേസ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. ഇതുകൊണ്ടും നിര്‍ത്തില്ല 20 ഗ്രാന്‍ഡ്സ്ലാം നേടിയേ വിശ്രമമുള്ളൂ എന്ന് പേസ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്.
ഹാറ്റ്സ് ഓഫ് ലിയാൻഡർ... ഫ്രഞ്ച് ഓപ്പണില്‍ സാനിയ മിര്‍സയെ തോല്പിച്ച് പേസ് സഖ്യത്തിന് കിരീടം!
എന്നാല്‍ കളിക്കളത്തിന് പുറത്തുനിന്നും പേസിന് അത്ര നല്ല വാര്‍ത്തയല്ല കിട്ടിയത്. പേസിന് മാത്രമല്ല, രാജ്യത്തെ ടെന്നീസ് ആരാധകര്‍ക്കും. ബ്രസീലില്‍ നടക്കുന്ന റിയോ ഒളിംപിക്സില്‍ പങ്കെടുക്കുക എന്ന പേസിന്റെ ആഗ്രഹത്തിന് നേരെയാണ് രോഹന് ബൊപ്പണ്ണ മുഖം തിരിച്ചിരിക്കുന്നത്. സീഡായ ബൊപ്പണയ്ക്ക് പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. തനിക്ക് പങ്കാളിയായി പേസ് വേണ്ട എന്നാണ് ബൊപ്പണ്ണയുടെ തീരുമാനം.
നാല്‍പ്പത്തിയാറാം റാങ്കുള്ള ലിയാന്‍ഡര്‍ പേസിനെ തഴഞ്ഞ് രോഹന് ബൊപ്പണ്ണ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത് സാകേത് മൈനേമിയെ ആണ്. സാകേത് മൈനേമിയുടെ റാങ്ക് ആകട്ടെ 125ഉം. ഏഴാം ഒളിംപിക്സ് കളിക്കുക എന്ന പേസിന്റെ മോഹമാണ് ബൊപ്പണ്ണ കാരണം പൊലിയുക. അത് മാത്രമല്ല, ഒളിംപിക്സ് പോലുളള വലിയ വേദികളില്‍ കളിച്ച പരിചയവും സാകേത് മൈനേമിക്കില്ല.
പേസിനൊപ്പം കളിക്കാന്‍ ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന് ബൊപ്പണ്ണയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മിക്സഡ് ഡബിള്‍സില്‍ പേസിനൊപ്പം കളിക്കാനില്ല എന്ന് സാനിയ മിര്‍സ നേരത്തെ ഫെഡറേഷനെ അറിയിച്ചിരുന്നു. മിക്സഡ് ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണയാകും സാനിയയുടെ പങ്കാളി. ഡബിള്‍സില്‍ പ്രാര്‍ഥനയാണ് സാനിയയുടെ പങ്കാളി.