റിയോഡി ജനീറോ: മിക്‌സഡ് ഡബിള്‍സില്‍ മെഡല്‍ നേടുമെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. വനിതകളുടെ ഡബിള്‍സില്‍ സാനിയ- പ്രാര്‍ത്ഥന തോംബെ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയാണ് സാനിയയുടെ പ്രതികരണം. ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്നതിനായി മികച്ച പോരാട്ടം കാഴ്ച വെയ്ക്കുമെന്നും സാനിയ ഉറപ്പുനല്‍കുന്നു.
കായിക രംഗത്ത് പരമാവധി പ്രകടം കാഴ്ചവയ്ക്കുകയല്ലാതെ ഒരുറപ്പുനല്‍കാനാവില്ലെന്ന് പറയുന്ന സാനിയ മികച്ച പ്രകടനം കാഴ്ച വെയ്ക്കനാവുമെന്ന ആത്മവിശ്വാസത്തിലാണ്. രണ്ട് മണിക്കൂര്‍ 44 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സാനിയ- പ്രാര്‍ത്ഥന തോംബര്‍ സഖ്യം ചൈനയുടെ ഷ്വുവായ് പെങ്- ഷ്വുവായ് ഴാങ് സഖ്യത്തിനോട് തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് ട്രൈ ബേക്കറില്‍ ചൈന സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ സാനിയ- പ്രാര്‍ത്ഥന സഖ്യം പിടിച്ചെടുത്തെങ്കിലും മൂന്നാം സെറ്റ് മത്സരത്തില്‍ ഭാഗ്യം ചൈനയ്‌ക്കൊപ്പം നിന്നു. സ്‌കോര്‍ 6-7, 7-5, 5-7.

എന്നാല്‍ ലോക മുന്‍നിര താരങ്ങള്‍ക്കെതിരെ പോരാടിയാണ് തങ്ങള്‍ വനിത ഡബിള്‍സില്‍ നിന്ന് പുറത്തായതെന്നും സാനിയ ചൂണ്ടിക്കാണിക്കുന്നു. മിക്‌സഡ് ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയുള്ള രോഹന്‍ ബൊപ്പണ്ണ- സാനിയ സഖ്യമാണ് കോര്‍ട്ടിലിറങ്ങുന്നത്. രോഹന്‍ ബൊപ്പണ്ണ- ലിയാന്‍ഡര്‍ പേസ് സഖ്യത്തിന് പുരുഷ ഡബിള്‍സില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ മിക്‌സഡ് ഡബിള്‍സിലാണ് ടെന്നീസില്‍ ഇന്ത്യയ്ക്കുള്ള പ്രതീക്ഷ.