റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ക്ലാസിക്ക് സെമി ഫൈനലിന് അരങ്ങൊരുങ്ങി. സെമി ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ സ്പെയിനിന്റെ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും സെര്‍ബിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ചും തമ്മില്‍ ഏറ്റുമുട്ടും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാല്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ പരാജയപ്പെടുത്തിയാണ് 2014നു ശേഷം ആദ്യമായി ഇറ്റാലിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 4-6, 6-1, 6-2.
എന്നാല്‍, ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെയ് നിഷിങ്കോരിയെ തോല്‍പ്പിച്ചായിരുന്നു ജോകോവിച്ചിന്റെ സെമി ഫൈനല്‍ പ്രവേശനം. സ്കോര്‍: 2-6, 6-1, 6-3.
മരിയ ഷറപ്പോവ അവസാന നാലില്‍
ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിത വിഭാഗം സിംഗിള്‍സില്‍ മുന്‍ ജേതാവായ റഷ്യയുടെ മരിയ ഷറപ്പോവ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റാപെന്‍കോയെ പരാജയപ്പെടുത്തിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഷറപ്പോവ സെമി ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6-7 (6-8), 6-4, 7-5. സെമിഫൈനലില്‍ റൊമാനിയയുടെ സിമോണ ഹലെപ്പിനെയാണ് ഷറപ്പോവ എതിരിടുക.