പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പിരിഷ വിഭാഗം ഫൈനലില്‍ അഭിമാന കിരീടമുയര്‍ത്തി ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. എതിരാളിയായ നൊവാക് ദ്യോകോവിച്ചിനെ അടിയറവ് പറയിച്ച് നദാല്‍ നേടിയത് തുടര്‍ച്ചയായ അഞ്ചാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം.
ആദ്യ സെറ്റ് നഷ്ടപ്പെട്ട നദാല്‍ പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ദ്യോക്കോവിച്ചിന് ഒരു തിരിച്ചുവരവിനുള്ള അവസരം നിഷേധിച്ച്, ശേഷിച്ച മൂന്ന് സെറ്റുകളും നദാല്‍ പിടിച്ചടക്കി. ഫ്രഞ്ച് ഓപ്പണ്‍ കിരീടം എന്ന സ്വപ്‌നം ദ്യോക്കോവിച്ചിന് ബാക്കിയായി. സ്‌കോര്‍ 3-6, 7-5, 6-2, 6-4.

ഫ്രഞ്ച് ഓപ്പണിന്റെ കളിമണ്‍ കോര്‍ട്ടില്‍ ഭാഗ്യം എപ്പോഴും റാഫേല്‍ നദാലിനൊപ്പമായിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ എപ്പോഴൊക്കെ നദാലും ദ്യോക്കോവിച്ചും ഏറ്റുമുട്ടിയിട്ടുണ്ടോ, അപ്പോഴെല്ലാം വിജയം നദാലിനൊപ്പം തന്നെയായിരുന്നു. ഇത്തവണയും ആ പഴക്കം മാറിയില്ല.
ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ നദാലിന് നല്‍കുന്നത് റെക്കോര്‍ഡുകളുടെ പൂക്കാലമാണ്. തുടര്‍ച്ചയായ അഞ്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍, ഒമ്പതാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം, ഏറ്റവും അധികം
തവണ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന താരം, 14-മാത്തെ ഗ്രാന്‍ഡ്സ്ലാം കിരീടം... റെക്കോര്‍ഡുകള്‍ അങ്ങനെ മുന്നോട്ട്...
കരിയറില്‍ 14 ഗ്രാന്‍ഡ്‌സാലം കിരീടങ്ങള്‍ സ്വന്തമാക്കിയതോടെ ലോകോത്തര താരം പീറ്റ് സാംപ്രസിനൊപ്പമെത്തിയിരിക്കുകയാണ് റാഫേല്‍ നദാല്‍. ഇനി മുന്നിലുള്ളത് റോജര്‍ ഫെഡറര്‍ മാത്രം. 17 കിരീടങ്ങളുമായി ഫെഡററാണ് ഇപ്പോഴും മുന്നില്‍.ലോക ഒന്നാം നമ്പര്‍ താരമായ നദാലിന് ഫെഡററിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി അധികനാള്‍ വേണ്ടി വരില്ലെന്നുറപ്പാണ്.