ദില്ലി: 18 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായി അവിശ്വസനീയ ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ സൂപ്പര്‍ താരം ലിയാന്‍ഡര്‍ പേസ് ഒളിംപിക്സ് കളിക്കും. ഏഴാമത്തെ ഒളിംപിക്സില്‍ കളിക്കുക എന്ന സ്വപ്നനേട്ടമാണ് നാല്‍പ്പത്തി രണ്ടാം വയസ്സില്‍ ലിയാന്‍ഡറിനെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ, തനിക്ക് പങ്കാളിയായി പേസ് വേണ്ട എന്ന് ടോപ് സീഡ് രോഹന് ബൊപ്പണ്ണ പറഞ്ഞതോടെ പേസ് ഒളിംപിക്സ് കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു.
എന്നാല്‍ രോഹന് ബൊപ്പണ്ണയുടെ ആവശ്യത്തോട് ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന് അനുകൂലമായി പ്രതികരിച്ചില്ല. ഡബിള്‍സില്‍ ബൊപ്പണ്ണയുടെ പങ്കാളിയായി പേസ് കളിച്ചാല്‍ മതി എന്നായിരുന്നു ഫെഡറേഷന്റെ തീരുമാനം. ഫെഡറേഷന് തീരുമാനിക്കുന്ന പങ്കാളിക്കൊപ്പം കളിക്കാമെന്ന് ബൊപ്പണ്ണ കൂടി സമ്മതിച്ചതോടെയാണ് ലിയാന്‍ഡര്‍ പേസിന്റെ ഏഴാം ഒളിംപിക്സ് യാഥാര്‍ഥ്യമാകുന്നത്.
നേരത്തെ, 125ആം റാങ്കിലുള്ള സാകേത് മൈനേമിയെ പങ്കാളിയായി ആവശ്യപ്പെടാനുള്ള ബൊപ്പണ്ണയുടെ തീരുമാനം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. നാല്‍പ്പത്തിയാറാം റാങ്കുള്ള ലിയാന്‍ഡര്‍ പേസിനെ തഴഞ്ഞാണ് ബൊപ്പണ്ണ മൈനേമി മതിയെന്ന് നിശ്ചയിച്ചത്. മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയാകട്ടെ, രോഹന് ബൊപ്പണ്ണയ്ക്കൊപ്പം കളിക്കാനാണ് താല്പര്യം കാണിച്ചത്.
മാര്‍ട്ടിന ഹിംഗിസിനൊപ്പം ഇക്കഴിഞ്ഞ ആഴ്ചയാണ് പേസ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. പേസിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു ഇത്. 20 ഗ്രാന്‍ഡ്സ്ലാമാണ് തന്റെ സ്വപ്നമെന്നാണ് പേസ് പറയുന്നത്. റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ടെന്നീസ് ടീമുകള്‍ ഇങ്ങനെയാണ്. പുരുഷ ഡബിള്‍സ്: പേസ് - ബൊപ്പണ്ണ, വനിതാ ഡബിള്‍സ്: സാനിയ - പ്രാര്‍ഥന, മിക്സഡ് ഡബിള്‍സ്: പേസ് - ബൊപ്പണ്ണ.