പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ലാത്വിയയുടെ കൗമാര താരം യെലേന ഒസ്റ്റാപെന്‍കോ വിസ്മയം സൃഷിച്ചു. വനിതാ സിംഗിള്‍സില്‍ കിരീടമണിഞ്ഞാണ് സീഡ് പോലും ചെയ്യപ്പെടാത്ത ഒസ്റ്റാപെന്‍കോ ടെന്നീസ് ലോകത്തെ അമ്പരപ്പിച്ചത്.

ആവേശകരമായ ഫൈനലില്‍ കിരീട ഫേവറിറ്റും മൂന്നാം സീഡുമായ റുമാനിയയുടെ സിമോണ ഹാലെപ്പിനെ ഒസ്റ്റാപെന്‍കോ കൊമ്പുകുത്തിക്കുകയായിരുന്നു. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു ലാത്വിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 4-6, 6-4, 6-3. ഈ വിജയത്തോടെ ഒസ്റ്റാപെന്‍കോ പുതിയ ചരിത്രമെഴുതുകയും ചെയ്തു.

1933നു ശേഷം ഫ്രഞ്ച് ഓപ്പണില്‍ ജേതാവാകുന്ന ആദ്യത്തെ സീഡില്ലാത്ത താരമാണ് ഒസ്റ്റാപെന്‍കോ. 1933ല്‍ ബ്രിട്ടന്റെ മാര്‍ഗരറ്റ് സ്‌ക്രിവനാണ് അവസാനമായി ഈ നേട്ടത്തിന് അവകാശിയായത്. കൂടാതെ ഗ്രാന്റ്സ്ലാം സ്വന്തമാക്കുന്ന ആദ്യ ലാത്വിയന്‍ താരമെന്ന റെക്കോര്‍ഡും 20കാരി സ്വന്തം പേരിലാക്കി. ലോക റാങ്കിങില്‍ 47ാം സ്ഥാനത്തുള്ള ഒസ്റ്റാപെന്‍കോ ഇതിനു മുമ്പ് ടൂര്‍ ലെവല്‍ കിരീടം പോലും നേടിയിട്ടില്ല.