പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ച്, അലക്‌സണ്ടര്‍ സ്വെരേവ്, ഡൊമനിക് തീം എന്നിവര്‍ പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍ അര്‍ജന്റീനന്‍ താരം ഡെല്‍പോട്രോയ്ക്ക് അടിതെറ്റി. വനിതാ വിഭാഗത്തില്‍ സിമോണ ഹാലപ്, മാഡിസന്‍ കീസ്, അനിസിമാവ, ആഷ്‌ലി ബാര്‍ട്ടി എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

ജര്‍മന്‍ താരം ലെന്നാര്‍ഡ് സ്റ്റര്‍ഫിനെതിരെ 6-3, 6-2, 6-2 എന്ന സ്‌കോറില്‍ അനായാസം മറിടകന്നാണ് ദ്യോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. ഒരവസരത്തിലും എതിരാളി ദ്യോക്കോവിച്ചിന് ഭീഷണിയായില്ല. ഫാബിയോ ഫോഗ്‌നിനിയെ സ്വെരേവ് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കും മറികടന്നു. സ്‌കോര്‍ 3-6, 6-2, 6-2, 7-6. ഗെയ്ല്‍ മോണ്‍ഫില്‍സിനെ 6-4, 6-4, 6-2 എന്ന സ്‌കോറിനാണ് തീം തോല്‍പ്പിച്ചത്. റഷ്യന്‍താരം കറെന്‍ ഖചാനോവിന് ഡെല്‍പോട്രോയെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍ 7-5, 6-3,, 3-6, 6-3.
വനിതാ വിഭാഗത്തില്‍ മാഡിസണ്‍ കീസ് കാതറീന സിനിയക്കോവയെ 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. സിമോണ ഹാലപ് ഇഗ സ്വയേറ്റക്കിനെ 6-1, 6-0 എന്ന സ്‌കോറില്‍ അനായാസം മറികടന്നു. സോഫിയ കെനിനെതിരെയായിരുന്നു ആഷ്‌ലി ബാര്‍ട്ടിയുടെ ജയം. സ്‌കോര്‍ 6-3, 3-6, 6-0. അലിയോണ ബോള്‍സോവയെ 6-3, 6-0 എന്ന സ്‌കോറില്‍ അമാന്‍ഡയും തോല്‍പ്പിച്ചു.