ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ച് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ നേരിടും. കഴിഞ്ഞദിവസം നടന്ന സെമി ഫൈനലുകളില്‍ ദ്യോക്കോവിച്ച് ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണെയും സ്വെരേവ് സ്വിസ് താരം റോജര്‍ ഫെഡററേയും തോല്‍പ്പിച്ചാണ് ഫൈനല്‍ പോരാട്ടത്തിന് അവസരമൊരുക്കിയത്.
സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ദ്യോക്കോവിച്ച് അനായാസമാണ് എതിരാളിയെ സെമിയില്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-2. രണ്ട് സെറ്റുകളിലും എതിരാളിക്ക് പൊരുതാനുള്ള അവസരം പോലും ദ്യോക്കോവിച്ച് നല്‍കിയില്ല. പ്രവചിക്കപ്പെട്ടപോലെ ദ്യോക്കോവിച്ച് കളിയുടെ എല്ലാ മേഖലയിലും തിളങ്ങിയപ്പോള്‍ തുടരെ അനാവശ്യ പിഴവുകള്‍ വരുത്തിയ ആന്‍ഡേഴ്‌സണ് കരുത്തുകാണിക്കാന്‍ കഴിഞ്ഞില്ല.

നേരത്തെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ കടുത്ത ഒരു പോരാട്ടത്തിലാണ് സ്വെരേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 7-6(7-5) നൂറാം കിരീടം ലക്ഷ്യമിട്ടെത്തിയ ഫെഡറര്‍ക്ക് ഇരുപത്തിയൊന്നുകാരന്റെ പോരാട്ടവീര്യത്തിന് മുന്‍പില്‍ മുട്ടുമടക്കേണ്ടിവന്നു. പതിനാലു തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ദ്യോക്കോവിച്ചിന് തന്നെയാണ് ഫൈനലില്‍ കിരീട സാധ്യത.