പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ ഡീഗോ സ്‌ക്വര്‍ട്‌സമാനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമി ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് കൈവിട്ടതിനു ശേഷമായിരുന്നു നദാല്‍ തിരിച്ചടിച്ചത്. സ്‌കോര്‍: 4-6, 6-3, 6-2, 6-2.
സെമിയില്‍ അര്‍ജന്റീനയുടെ അഞ്ചാം സീഡായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയാണ് നദാലിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ മൂന്നാം സീഡായ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡെല്‍ പോര്‍ട്ടോ സെമി ടിക്കറ്റ് സ്വന്തമാക്കിയത്.

സ്‌കോര്‍: 7-6 (7-5), 5-7, 6-3, 7-5. 2009നു ശേഷം ആദ്യമായാണ് ഡെല്‍ പോര്‍ട്ടോ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. മറ്റൊരു സെമി ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തിയെം അട്ടിമറിവീരനായ ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയെ നേരിടും.