പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാംറൗണ്ടില്‍ ജര്‍മനിയുടെ മാക്‌സിമിലാന്‍ മാര്‍ട്ടെറേറിനെ തോല്‍പ്പിച്ചാണ് നദാല്‍ അവസാന എട്ടിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-3, 6-2, 7-6 (7-4).

നദാലിനു പുറമേ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച്, അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോ, ഡീഗോ ഷവാര്‍ട്‌സ്മാന്‍, എന്നിവര്‍ പുരുഷ വിഭാഗം സിംഗിള്‍സിലും ഒന്നാം സീഡായ റൊമാനിയയുടെ സിമോണ ഹലെപ്പ്, ആഞ്ചലിക് കെര്‍ബര്‍ എന്നിവര്‍ വനിതാ വിഭാഗം സിംഗിള്‍സിലും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. എന്നാല്‍, രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കിയെ 14ാം സീഡായ റഷ്യയുടെ ഡാരിയ കസറ്റ്ക്വിന പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചു. 7-6, 6-3 എന്ന സ്‌കോറിനായിരുന്നു റഷ്യന്‍ താരത്തിന്റെ വിജയം. ആറാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെ 1-6, 2-6, 7-5, 7-6, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ച അര്‍ജന്റീനയുടെ 11ാം സീഡായ ഷവാര്‍ട്‌സ്മാനാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.
സിലിച്ച് 6-4, 6-1, 3-6, 6-7, 6-3 എന്ന സ്‌കോറിന് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെയും ഡെല്‍പോര്‍ട്ടോ 6-4, 6-4, 6-4 എന്ന സ്‌കോറിന് അമേരിക്കയുടെ ജോണ്‍ ഇസ്‌നറിനെയും ഹലെപ്പ് 6-2, 6-1 എന്ന സ്‌കോറിന് ബെല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടെന്‍സിനെയും ജര്‍മനിയുടെ കെര്‍ബര്‍ 6-2, 6-3 എന്ന സ്‌കോറിന് ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യയെയുമാണ് തോല്‍പ്പിച്ചത്.