മെല്‍ബണ്‍: പരിക്കില്‍ നിന്നും മുക്തനായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുന്നേറ്റം തുടരുന്നു. തകര്‍പ്പന്‍ ജയത്തോടെ നദാല്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് സിമോണ ഹാലെപ്പ്, രണ്ടാം സീഡ് കരോലിന് വോസ്നിയാക്കി എന്നിവരും അവസാന 16ല്‍ കടന്നു.
ബോസ്നിയയുടെ ദമിര്‍ സുംഹറിനെയാണ് മൂന്നാംറൗണ്ടില്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തുവിട്ടത്. സ്കോര്‍: 6-1, 6-3, 6-1. മല്‍സരം വരുതിയിലാക്കാന്‍ സ്പാനിഷ് ഇതിഹാസത്തിന് ഒരു മണിക്കൂറും 50 മിനിറ്റും മാത്രമേ വേണ്ടിവന്നുള്ളൂ. 16 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ജേതാവായത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടമാവാതെയാണ് 31 കാരനായ നദാല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡീഗോ ഷ്വാട്സ്മാനാണ് നദാലിന്റെ എതിരാളി.
അതേസമയം, പുരുഷ സിംഗിള്‍സിലെ മറ്റു മൂന്നാംറൗണ്ട് മല്‍സരങ്ങളില്‍ മൂന്നാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് 6-3, 4-6, 6-4, 6-4ന് റുബ്ലേവിനെയും നിക്ക് കിര്‍ഗിയോസ് 7-6, 4-6, 7-6, 7-6ന് ജോ വില്‍ഫ്രഡ് സോങയെയും തോല്‍പ്പിച്ചു.
വനിതാ സിംഗിള്‍സ് മൂന്നാംറൗണ്ടില്‍ ഒന്നാം സീഡായ വോസ്നിയാക്കി 6-4,6-3ന് ബെര്‍ട്ടന്‍സിനെ കീഴടക്കിയപ്പോള്‍ മാരത്തണ്‍ പോരാട്ടത്തില്‍ അമേരിക്കയുടെ ലോറെന് ഡേവിസിനെ ലോക ഒന്നാം റാങ്കുകാരിയായ ഹാലെപ്പ് 4-6, 6-4, 15-13ന് മറികടക്കുകയായിരുന്നു. മല്‍സരം മൂന്നു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്നു.