റോം: സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ പുരഷ വിഭാഗം ടെന്നിസ് സിംഗിള്‍സില്‍ കിരീടവേട്ട തുടരുന്നു. സീസണില്‍ മിന്നുന്ന ഫോമില്‍ കുതിക്കുന്ന നദാല്‍ ഇറ്റാലിയന്‍ ഓപ്പണിലും കിരീടം ചൂടി. 2017ല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ജര്‍മനിയുടെ അലെക്സാന്‍ഡര്‍ സെറേവിനെയാണ് ഫൈനലില്‍ നദാല്‍ പരാജയപ്പെടുത്തിയത്. വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 6-1, 1-6, 6-3. ഇതോടെ ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടവേട്ടയില്‍ തന്റെ പേരിലുള്ള റെക്കോഡ് എട്ടാക്കി ഉയര്‍ത്താനും നദാലിന് കഴിഞ്ഞു.
കിരീടനേട്ടത്തോടെ പുതിയ ലോക റാങ്കിങില്‍ നദാല്‍ ഒന്നാംസ്ഥാത്തേക്ക് തിരിച്ചെത്തി. കഴിഞ്ഞായാഴ്ച നടന്ന മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡൊമിനിക് തിയാമിനോട് തോറ്റതോടെ നദാല്‍ റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ ഈ സീസണില്‍ നദാലിന്റെ ഏക തോല്‍വി കൂടിയായിരുന്നു ഇത്. നദാലിനെ പിന്തള്ളി സ്വിറ്റ്സര്്ലന്ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഒന്നാംസ്ഥാനത്തേക്ക് കയറുകയും ചെയ്തിരുന്നു. എന്നാല്‍, ഇറ്റാലിയന്‍ ഓപ്പണ്‍ കിരീട വിജയത്തോടെ 31കാരനായ നദാല്‍ ദിവസങ്ങള്‍ക്കകം ഒന്നാംറാങ്ക് വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു. പുതിയ റാങ്കിങ് പ്രകാരം 8,770 പോയിന്റാണ് നദാലിനുള്ളത്. 8,670 പോയിന്റുമായി ഫെഡറര്‍ രണ്ടാം സ്ഥാനത്തുണ്ട്. 5,615 പോയിന്റുമായി സെറേവാണ് മൂന്നാം സ്ഥാനത്ത്. കളിമണ്‍ കോര്‍ട്ടിലെ അവസാന നാല് ടൂര്‍ണമെന്റുകളില്‍ മൂന്നിലും ചാംപ്യനാവാന്‍ ഈ സീസണില്‍ നദാലിന് കഴിഞ്ഞിരുന്നു.