ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടിലെ പ്രണയജോഡികള്‍ ഗ്രാന്സ്ലാം കിരീടത്തില്‍ മുത്തമിടുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ നോട്ടം. ഫ്രഞ്ച് താരം ഗെയ്ല് മോണ്‍ഫില്‍സും യുക്രൈന് താരം എലിന സ്വിറ്റോലിനയും തമ്മിലുള്ള പ്രണയം ഇതിനകം തന്നെ ലോകം അറിഞ്ഞതാണ്. ഇരുവരും തങ്ങളുടെ പ്രണയം ഒളിച്ചുവെച്ചിട്ടുമില്ല. ഇപ്പോഴിതാ രണ്ടു കളിക്കാരും യുഎസ് ഓപ്പണില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. മോണ്‍ഫില്‍സ് ക്വാര്‍ട്ടറിലെത്തിയപ്പോള്‍ സ്വിറ്റോലിന സെമിയില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
വിംബിള്‍ഡണില്‍ നേരത്തെ സ്വിറ്റോലിന സെമിയിലെത്തിയിരുന്നു. ഇപ്പോള്‍ യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്ന ആദ്യ യുക്രൈന് താരമെന്ന ബഹുമതിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ബ്രിട്ടീഷ് താരം ജൊഹാന കോണ്ടയെ 6-4, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ച സ്വിറ്റോലിനയുടെ അടുത്ത എതിരാളി സെറീന വില്യംസാണ്. സെമി കടുക്കുമെങ്കിലും സെറീനയെ മറികടന്ന ഫൈനലിലെത്താന്‍ കഴിയുമെന്നാണ് സ്വിറ്റോലിനയുടെ പ്രതീക്ഷ.
യുഎസ് ഓപ്പണില്‍ ചരിത്രമെഴുതി സെറീന വില്യംസ്; 100 വിജയങ്ങളുമായി അമേരിക്കന്‍ താരം
മോണ്‍ഫില്‍സിന്റെ സാന്നിധ്യം തന്നെ കളിയെ മാറ്റിമറിച്ചെന്നാണ് സ്വിറ്റോലിനയുടെ വെളിപ്പെടുത്തല്‍. പരസ്പരം മനസിലാക്കാനും അതിനനുസരിച്ച് കളിക്കാനും കഴിയുന്നു. തന്റെ ന്യൂനതകള്‍ പരിഹരിക്കാന്‍ മോണ്‍ഫില്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചു. കളിയില്‍ വേഗവും താളവും കണ്ടെത്താനായി. സെമി ഫൈനലില്‍ സെറീന വില്യംസ് ആണെന്നതിനാല്‍ മത്സരം കടുക്കും. എന്നാല്‍, എതിരാളി ശക്തരാകുമ്പോള്‍ തന്റെ പ്രകടനവും മെച്ചപ്പെടുത്താനാകും. സെമി മത്സരം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.