ന്യൂയോര്‍ക്ക്: ഏഴു വര്‍ഷത്തിനു ശേഷം ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായ സുമിത് നഗലിന് അടുത്ത റൗണ്ടിലേക്കു മുന്നേറാനായില്ല. രണ്ടാം റൗണ്ടില്‍ തന്നെ നഗലിന്റെ യാത്ര അവസാനിക്കുകയായിരുന്നു. ബെര്‍ത്ത്ഡേ ബോയിയും ലോക മൂന്നാം നമ്പര്‍ താരവുമായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തിയെമാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു നഗലിന് മടക്ക ടിക്കറ്റ് നല്‍കിയത്. സ്കോര്‍: 6-3, 6-3, 6-2.
ടൂര്‍ണമെന്റിലെ രണ്ടാം സീഡ് കൂടിയായ തിയെമിന്റെ 27ാം പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇത്. ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വിജയമധുരം നുണഞ്ഞു കൊണ്ടു തന്നെ താരം ഇതാഘോഷിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈലിസ്റ്റ് കൂടിയാണ് തിയെം. നഗലിന്റെ മുന്‍ മല്‍സരത്തിന്റെ വീഡിയോ താന്‍ കണ്ടിരുന്നതായും വളരെ മികച്ച രീതിയില്‍ ഫോര്‍ഹാന്‍ഡ് കളിക്കുന്ന താരത്തിനെതിരേ നന്നായി തയ്യാറെടുത്താണ് ഇറങ്ങിയതെന്നും തിയെം പ്രതികരിച്ചു. കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു കളിച്ചത്. ഫോര്‍ഹാന്‍ഡ് കളിക്കാന്‍ ഇന്ത്യന്‍ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ താന്‍ നല്‍കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തോറ്റെങ്കിലും കളിയുടെ പല ഘട്ടത്തിലും തിയെമിന് വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞതില്‍ നഗലിന് അഭിമാനിക്കാം. അഞ്ചാമത്തെ ഗെയിമില്‍ തിയെമിനെ ബ്രേക്ക് ചെയ്യാന്‍ അഞ്ചു അവസരങ്ങള്‍ വരെ നഗലിനു ലഭിച്ചിരുന്നു. തിയെം ഒരു അണ്‍ഫോഴ്സ് എറെര്‍ വരുത്തിയപ്പോള്‍ അഞ്ചാമത്തെ ബ്രേക്ക്പോയിന്റ് നേടിയ നഗല്‍ 3-3ന് ഒപ്പമെത്തുകയും ചെയ്തിരുന്നു. പക്ഷെ പിന്നീടുള്ള മൂന്നു പോയിന്റും കൈക്കലാക്കി ഓസ്ട്രിയന്‍ താരം സെറ്റ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള സെറ്റുകളിലും മികച്ച പോരാട്ടവീര്യം കാഴ്ചവച്ചെങ്കിലും തിയെമിന്റെ അനുഭവസമ്പത്തിനും ചടുമലമായ ചില നീക്കങ്ങള്‍ക്കും ഇന്ത്യന്‍ താരത്തിനു മറുപടിയില്ലായിരുന്നു. ലോക സിംഗിള്‍സ് റാങ്കിങില്‍ 122ാം സ്ഥാനക്കാരനാണ് നഗല്‍.
2013ല്‍ സോംദേവ് ദേവ്വര്മനു ശേഷം ഒരു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ട് കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് നഗല്‍. അന്ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവയിലെല്ലാം സോംദേവ് രണ്ടാം റൗണ്ടിലെത്തിയിരുന്നു. ആദ്യ റൗണ്ടില്‍ ലോക റാങ്കിങില്‍ 128ാം സ്ഥാനത്തുള്ള ആതിഥേയ താരം ബ്രാഡ്ലി ക്ലാണിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു 23 കാരനായ നഗല്‍ മറികടന്നത്. സ്കോര്‍: 6-1, 6-3, 3-6, 6-1.