പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ അട്ടിമറി. നിലവിലെ ലോക ഒന്നാം നമ്പറും മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിനെ അട്ടിമറിച്ച് ഓസ്ട്രിയയുടെ ഡൊമിനിക് തിയെം ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു. വാശിയേറിയ സെമിഫൈനലില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ലോക നാലാം നമ്പര്‍ താരമായ തിയെമിന്റെ വിജയം. സ്കോര്‍: 6-2, 3-6, 7-5, 5-7, 7-5.
ഡി വില്ലിയേഴ്സ് എന്താണ് പറയുന്നത്?; തിരിച്ചെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് പരിശീലകന്
ഫൈനലില്‍ നിലവിലെ ചാംപ്യനും ലോക രണ്ടാം നമ്പറുമായ സ്പെയിനിന്റെ റാഫേല്‍ നദാലാണ് തിയെമിന്റെ എതിരാളി. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനല്‍ 2018ലെ തനിയാവര്‍ത്തനമായി മാറി. 2018 ഫൈനലിലും നദാലും തിയെമുമാണ് ഏറ്റുമുട്ടിയിരുന്നത്. അന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാല്‍ തിയെമിനെ പരാജയപ്പെടുത്തി കിരീടം ചൂടുകയായിരുന്നു. 11 തവണ കിരീടം നേടിയ നദാലിന്റെ പേരില്‍ തന്നെയാണ് നിലവില്‍ ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ചാംപ്യനായ റെക്കോഡും.
നേരത്തെ, സെമിയില്‍ സ്വിറ്റ്സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററിനെ തോല്‍പ്പിച്ചായിരുന്നു നദാലിന്റെ ഫൈനല്‍ പ്രവേശനം. രണ്ടാം തവണയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്ന തിയെമിന് കരിയറില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ല. ഞായറാഴ്ച വൈകീട്ട് 6.30നാണ് നദാല്‍-തിയെം കലാശപ്പോര് അരങ്ങേറുന്നത്.