പാരിസ്: കളിമണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് ഇന്ന് പാരിസില്‍ തുടക്കമാവും. ഫ്രഞ്ച് ഓപ്പണിന്റെ 122ാമത് എഡിഷനാണ് മെയ് 27 മുതല്‍ ജൂണ്‍ 10 വരെ പാരിസിലെ ക്ലേ കോര്‍ട്ടില്‍ അരങ്ങേറുന്നത്.
സ്പാനിഷ് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ് നിലവില്‍ പുരുഷ വിഭാഗം സിംഗിള്‍സിലെ ജേതാവ്. 10 തവണ കിരീടം നേടിയ നദാലിന്റെ പേരില്‍ തന്നെയാണ് ഫ്രഞ്ച് ഓപ്പണിലെ കൂടുതല്‍ തവണ ചാംപ്യനായ റെക്കോഡും. വനിതാ സിംഗിള്‍സില്‍ ലാത്‌വിയയുടെ യെലേന ഒസ്റ്റാപെന്‍കോയാണ് കഴിഞ്ഞ സീസണില്‍ കിരീടം നേടിയത്. പുരുഷന്‍മാരില്‍ നദാലും വനിതകളില്‍ റൊമാനിയയുടെ സിമോണ ഹലെപ്പുമാണ് ടൂര്‍ണമെന്റിലെ ടോപ് സീഡുകള്‍.

സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവും 20 ഗ്രാന്‍ഡ്സ്ലാം കിരീട വിജയിയുമായ റോജര്‍ ഫെഡററില്ലാത്ത തുടര്‍ച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റാണിത്. നേരത്തെ, കളിമണ്‍ കോര്‍ട്ടില്‍ നിന്ന് ഫെഡറര്‍ വിടപറഞ്ഞിരുന്നു. ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറേയും ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ മല്‍സരിക്കുന്നില്ല.