പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ കിരീടപ്രതീക്ഷയുമായെത്തിയ സ്പെയിനിന്റെ റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ വിജയം നേടി. 6-4, 6-3, 7-6(9) എന്ന സ്കോറിന് സിമോണി ബൊലെല്ലിയെയാണ് നദാല്‍ തോല്‍പ്പിച്ചത്. അതേസമയം ഫ്രഞ്ച് ഓപ്പണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരം യൂക്കി ഭാംബ്രി ആദ്യറൗണ്ടില്‍ തോറ്റു പുറത്തായി.
സിമോണിക്കെതിരായ മഴമൂലം മാറ്റിവെച്ച മത്സരം പുനരാരംഭിച്ചപ്പോള്‍ നദാല്‍ കളിയിലെ മേധാവിത്വം കൈവിട്ടില്ല. അവസാന സെറ്റിലൊഴികെ തന്റെ സ്വതസിദ്ധമായ കളി കാഴ്ചവെക്കാന്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് കഴിഞ്ഞു. അതേസമയം, വളരെ ബുദ്ധിമുട്ടേറിയതായിരുന്നു സിമോണിക്കെതിരായ മത്സരമെന്ന് നദാല്‍ പറഞ്ഞു.
10 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞ നദാല്‍ പതിനൊന്നാം കിരീടം ലക്ഷ്യമാക്കിയാണ് കളത്തിലിറങ്ങിയത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത കളിതന്നെ കാഴ്ചവെക്കാന്‍ സ്പാനിഷ് താരത്തിന് കഴിഞ്ഞു. അതിനിടെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന യൂക്കി ഭാംബ്രി ആദ്യ റൗണ്ടില്‍തന്നെ ബെല്‍ജിയം താരം റുബെന്‍ ബെമേലമന്സിനോട് തോറ്റു. സ്കോര്‍ 4-, 4-6, 1-6. ഇതാദ്യമായി ഫ്രഞ്ച് ഓപ്പണില്‍ അവസരം ലഭിച്ച ഇന്ത്യന്‍ താരം ആദ്യ രണ്ട് സെറ്റുകളില്‍ മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും അവസാന സെറ്റില്‍ കാര്യമായ ചെറുത്തിനില്പ് നടത്താതെയാണ് ഭാംബ്രി കീഴടങ്ങിയത്.