ദില്ലി: ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ഇടറിവീണു. 183-ാം റാങ്കുകാരനായ പ്രജ്‌നേഷ് 122-ാം റാങ്കുകാരനായ ഇലിയാസ് യമറിനോട് 3-6, 4-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. തോറ്റവരിലെ ഭാഗ്യശാലിക്ക് ലഭിക്കുന്ന ഒരു അവസരം ലഭിച്ചാല്‍ പ്രജ്‌നേഷ് ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനുള്ള വിദൂര സാധ്യതയുണ്ട്.
റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള സ്വീഡിഷ് താരത്തോട് മികച്ച കളിതന്നെയാണ് ഇന്ത്യന്‍താരം പുറത്തെടുത്തത്. അതേസമയം, അനാവശ്യ പിഴവുകള്‍ പ്രജ്‌നേഷിന് വിനയായി. അന്തിമ വിജയം ഇലിയാസിന് ലഭിച്ചെങ്കിലും പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍താരം ഭാവി പ്രതീക്ഷകൂടിയാണ്.

ഇതോടെ, യൂക്കി ഭാംബ്രി മാത്രമായിരിക്കും സിംഗിള്‍സില്‍ റൊളണ്ട് ഗാരോസില്‍ ഇന്ത്യന്‍ പ്രതിനിധിയാകുക. രാംകുമാര്‍ രാമനാഥനും, സുമത് നഗാലും നേരത്തെ തന്നെ പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ അങ്കിത റെയ്‌നയ്ക്കും ഫ്രഞ്ച് ഓപ്പണില്‍ ഇടം ലഭിച്ചില്ല. 94-ാം റാങ്കുകാരനായ ഭാംബ്രി നേരിട്ടാണ് യോഗ്യത നേടിയത്. ആദ്യ 100 റാങ്കുകാര്‍ക്ക് ഫ്രഞ്ച് ഓപ്പണില്‍ അവസരം നല്‍കാറുണ്ട്.