പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ അഞ്ചാം ദിനത്തില്‍ പ്രമുഖ താരങ്ങളെല്ലാം വിജയത്തോടെ മുന്നേറി. പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറേ, മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിന്‍ക, വനിതകളില്‍ രണ്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ, പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്ക എന്നിവരും മൂന്നം റൗണ്ടില്‍ കടന്നിട്ടുണ്ട്.
സ്ലൊവാക്യയുടെ മാര്ട്ടിന് ക്ലിസാനെതിരേയായിരുന്നു മുറേയുടെ ത്രസിപ്പിക്കുന്ന വിജയം. ഒന്നാംറൗണ്ടില്‍ മുറേയെ ഞെട്ടിച്ച് ക്ലിസാന്‍ ജയിച്ചുകയറി. എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ മുറേ ഫോമിലേക്കുയര്‍ന്നപ്പോള്‍ ക്ലിസാന്റെ അട്ടിമറി മോഹം തകര്‍ന്നു. 6-7, 6-2, 6-2, 7-6 എന്ന സ്കോറിനായിരുന്നു മുറേയുടെ വിജയം. വാവ്റിന്‍ക 6-4, 7-6, 7-5ന് അലെക്സാണ്ടര്‍ ഡൊല്ഗോപൊലോവിനെയും ഗെയ്ല് മോണ്‍ഫില്‍സ് 6-1, 6-4, 6-1ന് തിയാഗോ മൊണ്ടെയ്റോയെയും കെയ് നിഷികോരി 6-3, 6-0, 7-6ന് ജെര്‍മി ചാര്ഡിയെയും തോല്‍പ്പിച്ചു.
വനിതകളില്‍ പ്ലിസ്കോവ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു റഷ്യന്‍ താരം ഏകതറീന അലെക്സാണ്ട്രോവയെയും റഡ്വാന്‍സ്ക 6-7, 6-2, 6-3ന് വാന്‍ വൈനാക്കിനെയും സിമോണ ഹാലെപ്പ് 6-4, 6-3ന് തയാന മരിയയെയും പരാജയപ്പെടുത്തി മുന്നാം റൗണ്ടില്‍ കടന്നു.