പാരിസ്: കളിമണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനല്‍ ഇന്ന് അരങ്ങേറും. കളിമണ്‍ കോര്‍ട്ടിലെ രാജാവായ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാലും ഓസ്ട്രിയയുടെ ഡൊമിനിക് തിയെമുമാണ് കിരീടപ്പോരില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മല്‍സരം.
ഫ്രഞ്ച് ഓപ്പണില്‍ കിരീട വേട്ട തുടരാനുറച്ചാണ് നിലവിലെ ചാംപ്യന്‍ കൂടിയായ നദാല്‍ കോര്‍ട്ടിലിറങ്ങുന്നത്. നിലവില്‍ 10 തവണ കിരീടം നേടിയ 32 കാരനായ നദാലിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും കൂടുതല്‍ തവണ ചാംപ്യനായ റെക്കോഡ്. 2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017 സീസണുകളിലാണ് ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ കിരീടം നേടിയത്. ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സില്‍ 17ാം കിരീടമാണ് നദാല്‍ ഇന്ന് ലക്ഷ്യമിടുന്നത്.

സെമി ഫൈനലില്‍ അര്‍ജന്റീനയുടെ അഞ്ചാം സീഡായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലക്ക് മുന്നേറിയത്. മല്‍സരത്തില്‍ (6-4, 6-1, 6-2) നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടൂര്‍ണമെന്റിലെ ഒന്നാം സീഡ് കൂടിയായ സ്പാനിഷ് സൂപ്പര്‍ താരത്തിന്റെ വിജയം.
അതേസമയം, 24 കാരനായ തിയെമിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇന്നത്തേത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ നാലാം റൗണ്ടിലെത്തിയതാണ് നിലവിലെ ലോക എട്ടാം റാങ്കുകാരനായ തിയെമിന്റെ ഏറ്റവും വലിയ മുന്നേറ്റം. സെമി ഫൈനലില്‍ ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയെ 7-5, 7-6, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് തിയെം ഗ്രാന്‍ഡ്സ്ലാമിലെ തന്റെ കന്നി ഫൈനലിന് ടിക്കറ്റെടുത്തത്.