പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയത്തോടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും രണ്ടാം സീഡായ ജര്‍മനിയുടെ അലെക്‌സാന്‍ഡര്‍ സെറേവും ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. വാശിയേറിയ പോരില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗുട്ടിനെ പരാജയപ്പെടുത്തിയാണ് ജോകോവിച്ചിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
സ്‌കോര്‍; 6-4, 6-7 (6-8), 7-6 (7-4), 6-2.. മല്‍സരം മൂന്ന് മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്നു. എന്നാല്‍, ബോസ്‌നിയയുടെ ഡാമിര്‍ ഡുംഹുറിനെയാണ് മൂന്നാംറൗണ്ടില്‍ സെറേവ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 3-6, 4-6, 7-6 (7-3), 7-5.

മറ്റു മല്‍സരങ്ങളില്‍ സ്‌പെയിനിന്റെ ഫെര്‍നാണ്ടോ വെര്‍ഡാസ്‌കോ നാലാം സീഡായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രേവിനെയും ഓസ്ട്രിയയുടെ ഡൊമിനിക് തിയെം ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെയും പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി. ദിമിത്രേവിനെതിരേ 7-6, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു 30ാം സീഡായ വെര്‍ഡാസ്‌കോയുടെ ജയം. ഏഴാം സീഡായ തിയെം 6-3, 6-7 (5-7), 6-3, 6-2 എന്ന സ്‌കോറിനാണ് ബെറേറ്റിനിയെ മറികടന്നത്.