പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍. സീഡില്ലാ താരം റിക്കാര്‍ഡസ് ബെറാന്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ചിന്റെ മൂന്നാം റൗണ്ട് പ്രവേശം. 1 മണിക്കൂറും 22 മിനുട്ടും മാത്രം നീണ്ട പോരാട്ടത്തില്‍ ഒരു ഘട്ടത്തിലും ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ ബെറാന്കിസിന് സാധിച്ചില്ല.
സ്കോര്‍ 6-1,6-2,6-2. ചിലിയുടെ ക്രിസ്റ്റിയന്‍ ഗാരിനും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 20ാം സീഡായ ഗാരിന്‍ ഓസ്ട്രേലിയയുടെ മാര്‍ക്ക് പോള്മാന്സിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. മൂന്ന് മണിക്കൂറും 44 മിനുട്ടും മത്സരം നീണ്ടു. സ്കോര്‍ 6-7,6-2,7-6,6-4. രണ്ടാം റൗണ്ടില്‍ കാനഡയുടെ ഒമ്പതാം സീഡ് താരം ഡെനിസ് ഷപ്പോവലോവിന് അട്ടിമറി തോല്‍വി നേരിട്ടു. സ്പാനിഷ് താരം റോബര്‍ട്ടോ കാര്ബല്ലിസ് ബയേനയാണ് ഷപ്പോവലോവിന് പുറത്തേക്കുള്ള വഴികാട്ടിയത്.
നാല് മണിക്കൂറും 57 മിനുട്ടും നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് കാര്ബല്ലിസ് മൂന്നാം റൗണ്ട് യോഗ്യത നേടിയത്. സ്കോര്‍ 7-5,6-7,6-3,3-6,8-6. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 18ാം സീഡായ ദിമിത്രോവ് സ്ലൊവാക്യയുടെ ആന്‍ഡ്രിജ് മാര്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ കടന്നത്. രണ്ട് മണിക്കൂറും 17 മിനുട്ടും മത്സരം നീണ്ടു. സ്കോര്‍ 6-4,7-6,6-1. ഗ്രീസ് സൂപ്പര്‍ താരം സ്റ്റിഫാനോസ് ടിസ്റ്റിപാസും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.
അഞ്ചാം സീഡായ ടിസ്റ്റിപാസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉറുഗ്വേയുടെ പാബ്ലോ ക്യൂവാസിനെ തോല്‍പ്പിക്കുകയായിരുന്നു. 1 മണിക്കൂറും 31 മിനുട്ടും മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്കോര്‍ 6-1,6-4,6-2. റഷ്യയുടെ ആന്‍ഡ്രേ റുബ്ലീവ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. സ്പെയിനിന്റെ അലിജാന്‍ഡ്രോ ഫോക്കിനെയാണ് റുബ്ലീവ് ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. 2 മണിക്കൂറും 13 മിനുട്ടും മത്സരം നീണ്ടു. സ്കോര്‍ 7-5,6-1,3-6,6-1.
വനിതാ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറികളാണ് നടന്നത്. രണ്ടാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്ക്കോവ രണ്ടാം റൗണ്ടില്‍ പുറത്തായി. ലാറ്റ് വിയയുടെ ജെലീന ഒസ്തെപെന്കോയാണ് കരോളിനയെ അട്ടിമറിച്ചത്. 1 മണിക്കൂറും 10 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്കോര്‍ 6-4,6-2. അമേരിക്കന്‍ സൂപ്പര്‍ താരം സ്ലൊവാനി സ്റ്റീഫന്‍സും രണ്ടാം റൗണ്ടില്‍ പുറത്തായി.
29ാം സീഡായ സ്ലൊവാനിയെ സ്പെയിനിന്റെ പൗല ബഡോസ ഗിബര്ട്ടാണ് തോല്‍പ്പിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഗിബര്ട്ടിന്റെ ജയം. സ്കോര്‍ 6-4,4-6,2-6. അതേ സമയം 11ാം സീഡ് സ്പെയിനിന്റെ ഗബ്രിയേല്‍ മുഗുരസ മൂന്നാം റൗണ്ടില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റ്യാന പ്ലിസ്ക്കോവയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരസയുടെ ജയം. സ്കോര്‍ 6-3,6-2.