ന്യൂയോര്‍ക്ക്: തന്റെ കാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നു തെളിയിച്ചു കൊണ്ട് അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. വിക്ടോറിയ അസരെന്‍ക, സോഫിയ കെനിന്, സ്വറ്റൊന പിരോന്കോവ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ ഡൊമിനിക് തിയെം, ഫ്രാങ്കോസ് ടിയാഫോ, ഓഗര്‍ എലിയാസിം എന്നിവരും പ്രീക്വാര്‍ട്ടറില്‍.
നാട്ടുകാരിയും 2017ലെ ജേതാവുമായ യുവതാരം സ്ലോവെന്‍ സ്റ്റീവന്‍സിനെയാണ് 38 കാരിയായ സെറീന ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. ആദ്യ സെറ്റില്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ 22 വര്‍ഷം മുമ്പ് താന്‍ അരങ്ങേറിയ യുഎസ് ഓപ്പണില്‍ നിന്നും സെറീന നേരത്തേ പുറത്തായേക്കുമെന്ന് സംശയിച്ചിരുന്നു. പക്ഷെ തന്റെ പോരാട്ടവീര്യത്തിന് ഇപ്പോഴും കോട്ടം വന്നിട്ടില്ലെന്ന് പിന്നീട് കോര്‍ട്ടില്‍ താരം കാണിച്ചു തന്നു. അടുത്ത രണ്ടു സെറ്റുകളിലും കത്തിക്കയറിയ സെറീന 24ാം ഗ്രാന്റ്സ്ലാമെന്ന സ്വപ്നം കാത്തു സൂക്ഷിക്കുകയും ചെയ്തു. 2-6, 6-2, 6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം.
ഭര്‍ത്താവിന്റെ മടിയിരുന്ന് കളി കണ്ട മൂന്നു വയസ്സുകാരിയായ മകള്‍ ഒളിംപിയക്കു മുന്നിലാണ് സെറീന കരിയറിലെ മറ്റൊരു അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. അമ്മ നടത്തിയ പോരാട്ടം അവള് കണ്ടിട്ടുണ്ടാവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന മല്‍സരശേഷം സെറീന പ്രതിരകരിച്ചു. പ്രീക്വാര്‍ട്ടറില്‍ 15ാം സീഡായ മരിയ സക്കാരിയാണ് സെറീനയുടെ എതിരാളി.
വനിതാ വിഭാഗത്തിലെ മറ്റു മൂന്നാം റൗണ്ട് സിംഗിള്‍സ് മല്‍സരങ്ങളില്‍ കെവിന് 7-6, 6-3ന് ഒന്‍സ് ജബ്യുറിനെയും പിരോന്കോവ 6-4 6-1ന് ഡോണ വെക്കിച്ചിനെയും മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസരെന്‍ക 6-4, 6-2ന് ഐഗ സ്വിയാറ്റെക്കിനെയും പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് കൂടിയായ ഓസ്ട്രിയന്‍ താരം തിയെം 2014ലെ ചാംപ്യനും ക്രൊയേഷ്യന്‍ താരവമായ മരിന് സിലിച്ചിനെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്തുവിട്ടത്. 18 വിന്നറുകള്‍ പായിച്ച തിയെം നാലു അണ്‍ഫോഴ്സ് എറേഴ്സ് മാത്രമേ വരുത്തിയുള്ളൂ. ആദ്യത്തെ രണ്ടു സെറ്റുകളില്‍ ഏഴു അവസരം ലഭിച്ചപ്പോള്‍ നാലു തവണയും സെര്‍വ്വ് ഭേദിക്കാനും തിയെമിന് സാധിച്ചു. 6-2, 6-2, 3-6, 6-3 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം.