മെല്‍ബണ്‍: രണ്ടാം സീഡും നിലവിലെ ജേതാവും സ്വിറ്റ്സര്‍ലന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. എന്നാല്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ലോക റാങ്കിങില്‍ 58ാം സ്ഥാനത്തുള്ള ഹ്യുന്‍ ചുങാണ് ജോകോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍: 7-6, 7-5, 7-5. അതേസമയം, വനിതാ സിംഗിള്‍സില്‍ മുന്‍ ഗ്രാന്റ്സ്ലാം ചാംപ്യനും 21ാം സീഡുമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും അവസാന എട്ടിലേക്കു മുന്നേറിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ ചെക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചാണ് ക്വാര്‍ട്ടറില്‍ കടന്ന മറ്റൊരു താരം.
പ്രീക്വാര്‍ട്ടറില്‍ ഹംഗറിയുടെ മാര്‍ട്ടോണ്‍ ഫ്യുക്സോവിക്സിനെയാണ് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. 6-4, 7-6, 6-2 എന്ന സ്കോറിനായിരുന്നു സ്വിസ് മാസ്റ്ററുടെ വിജയം. 14ാം തവണയാണ് ഫെഡറര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലേക്കു യോഗ്യത നേടുന്നത്. 2004നു ശേഷം മുഴുവന്‍ സീസണുകളിലും ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ ഇടംനേടിയിട്ടുണ്ട്.
മറ്റൊരു വെറ്ററന്‍ താരമായ ബെര്‍ഡിച്ചാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. 25ാം സീഡായ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെയാണ് ബെര്‍ഡിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തുരത്തിയത്. സ്കോര്‍: 6-1, 6-4, 6-4. 2014, 15 സീസണുകളിലെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനലിലെത്താന്‍ ചെക്ക് താരത്തിനായിരുന്നു.
അതേസമയം, വനിതാ സിംഗിള്‍സില്‍ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഏക ഗ്രാന്റ്സ്ലാം ജേതാവ് കൂടിയായ കെര്‍ബര്‍ തായ്വാന് താരം സിയെ സു വെയിയെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. ആദ്യ സ്റ്റെ് 4-6നു കൈവിട്ട ശേഷമായിരുന്നു ജര്‍മന്‍ താരത്തിന്റെ തിരിച്ചുവരവ്. രണ്ടും മൂന്നും സെറ്റുകള്‍ 7-5, 6-2ന് വരുതിയിലാക്കി കെര്‍ബര്‍ അവസാന എട്ടിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. അമേരിക്കയുടെ മാഡിസണ്‍, കീസാണ് ക്വാര്‍ട്ടറില്‍ കെര്‍ബറിനെ കാത്തിരിക്കുന്നത്.