മാഡ്രിഡ്: പരിക്കേറ്റശേഷം തിരിച്ചവരവിന് ശ്രമിക്കുന്ന സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ കെയ്ലി എഡ്മുണ്ടിനോടാണ് മുന്‍ ലോക ഒന്നാംനമ്പര്‍ അടിയറവ് പറഞ്ഞത്. സ്കോര്‍ 6-3, 2-6, 6-3.
ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ വിജയിച്ച ദ്യോക്കോവിച്ചിന് പക്ഷെ രണ്ടാം റൗണ്ടില്‍ കാലിടറി. രണ്ട്തവണ മാഡ്രിഡില്‍ ചാമ്പ്യനായിരുന്നു സെര്‍ബിയന്‍ താരം. ദ്യോക്കോവിച്ചിനെ തോല്‍പ്പിക്കാനായത് കരിയറിലെ വലിയ നേട്ടങ്ങളിലൊന്നായി എഡ്മുണ്ട് വിലയിരുത്തി. ഇത്രയും പരിചയ സമ്പന്നനായ ഒരാളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ബ്രിട്ടന്റെ ലോക ഇരുപത്തരണ്ടാം റാങ്കുകാരന് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനുമായി മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടും.
ഈ വര്‍ഷം ഒരു ടൂര്ണമെന്റില്പോലും കിരീടം നേടാന്‍ ദ്യോക്കോവിച്ചിന് കഴിഞ്ഞിട്ടില്ല. പഴയ ഫോമിന്റെ നിഴല്‍ മാത്രമായ താരം അടുത്തിടെ കോച്ചിനെ മാറ്റി പരീക്ഷിച്ചെങ്കിലും വിജയം അകന്നു നില്‍ക്കുകയാണ്. ദീര്‍ഘനാളത്തെ പരിക്കില്‍നിന്നും മോചിതനായ റാഫേല്‍ നദാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കെയാണ് ദ്യോക്കോവിച്ച് മോശം പ്രകടനം ആവര്‍ത്തിക്കുന്നത്.