പാരിസ്: മുന്‍ ലോക ഒന്നാം നമ്പറും 2016ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിന് പുരുഷ വിഭാഗം സിംഗിള്‍സില്‍ അട്ടിമറി തോല്‍വി. ലോക 72ാം റാങ്കുകാരനും ടൂര്‍ണമെന്റിലെ അണ്‍സീഡ് താരവുമായ ഇറ്റലിയുടെ മാര്‍കോ സെചിനാറ്റോയാണ് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ ജോകോവിച്ചിനെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സെചിനാറ്റോയുടെ വിജയം. സ്കോര്‍: 6-3, 7-6, 1-6, 7-6.
മറ്റൊരു ക്വാര്‍ട്ടറില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തിയെം രണ്ടാം സീഡായ ജര്‍മനിയുടെ അലെക്സാണ്ടര്‍ സെറേവിനെ വീഴ്ത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഏഴാം സീഡായ തിയെമിന്റെ വിജയം. സ്കോര്‍: 6-4, 6-2, 6-1. സെമിഫൈനലില്‍ തിയെം സെചിനാറ്റോയുമായി ഏറ്റുമുട്ടും.
വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കന്‍ താരങ്ങളായ മാഡിസന്‍ കെയ്സും സ്ലൊഹാനെ സ്റ്റീഫെന്സും സെമിഫൈനലിലേക്ക് മുന്നേറി. 13ാം സീഡായ കെയ്സ് ക്വാര്‍ട്ടറില്‍ കസാക്കിസ്താന്റെ യുലിയ പുടിന്റ്റ്സെവയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 7-6, 6-4. സ്റ്റിഫെന്സ് 6-3, 6-1 എന്ന സ്കോറിന് റഷ്യയുടെ ഡാരിയ കസാറ്റ്കിനയെ പരാജയപ്പെടുത്തുകയായിരുന്നു.