പാരിസ്: പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും രണ്ടാം സീഡായ ജര്‍മനിയുടെ അലെക്സാണ്ടര്‍ സെറേവും ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍, എട്ടാം സീഡായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന് പ്രീക്വാര്‍ട്ടറില്‍ അടിതെറ്റി.
സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെയാണ് നാലാം റൗണ്ടില്‍ ജോകോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ കൂടിയായ ജോകോവിച്ചിന്റെ വിജയം. സ്കോര്‍: 6-3, 6-4, 6-2.
മൂന്നാം റൗണ്ടിനു പുറമേ പ്രീക്വാര്‍ട്ടറിലും കനത്ത വെല്ലുവിളി അതിജീവിച്ചാണ് സെറേവ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ കരെന്‍ കച്ചാനോവിനെയാണ് സെറേവ് മറികടന്നത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അഞ്ച് സെറ്റുകള്‍ നീണ്ട പോരിനൊടുവിലാണ് സെറേവിന്റെ ജയം. സ്കോര്‍: 4-6, 7-6, 2-6, 6-3, 6-3.
അതേസമയം, ലോക റാങ്കിങില്‍ 72ാം സ്ഥാനക്കാരനായ ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോയാണ് പ്രീക്വാര്‍ട്ടറില്‍ ഗോഫിനെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ വിജയം. സ്കോര്‍: 7-5, 4-6, 6-0, 6-3. മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തിയെം ജപ്പാന്റെ കെയ് നിഷിങ്കോരിയെ തോല്‍പ്പിച്ചു. സ്കോര്‍: 6-2, 6-0, 5-7, 6-4.